ആലുവ: തുരുത്ത് മണികണ്ഠവിലാസത്തിൽ ദിലീപിന്റെ (53) മുങ്ങിമരണം തുരുത്ത് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. വെള്ളിയാഴ്ച്ച രാവിലെ വീടിനടുത്തെ കടവിൽ കുളിക്കാ പോയ ദിലീപിനെ കാണാതാകുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
ഭിന്നശേഷിക്കാരനായ ദിലീപ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. തുരുത്ത് ഗ്രാമത്തിലെ ഓരോ മണൽത്തരിക്കും സുപരിചിതൻ. ഗ്രാമം ഒന്നടങ്കം 'ദിലി' എന്നാണ് വിളിക്കുന്നത്. പെരിയാറിൽ ദിലീപിനെ കാണാതായപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. അത്രയ്ക്കും പ്രിയപ്പെട്ടവനായിരുന്നു അവർക്ക് ദിലീപ്. നാട്ടിലെ ക്ഷേത്രോത്സവങ്ങളിൽ പഞ്ചവാദ്യത്തിനും ചെണ്ടമേളത്തിനുമെല്ലാം മേളക്കാർക്കും ആസ്വാദകർക്കും ആവേശമായി മുൻനിരയിൽ ദിലീപ് സ്ഥിരസാന്നിദ്ധ്യമായിരുന്നു. നാടകമായാലും ഗാനമേളയായാലും അവിടെയും മുന്നിലുണ്ടാകും.
അവിവാഹിതനായ ദിലിപിന്റെ ലോകം തുരുത്ത് ഗ്രാമം മാത്രമായിരുന്നു. അതിനപ്പുറം ദിലീപ് പോയിട്ടും കണ്ടിട്ടുമില്ലെന്നു പറയാം. കുട്ടികൾക്കും മുതിർന്നവർക്കും ഉറ്റചങ്ങാതി. ഇക്കാര്യത്തിൽ ജാതിയും മതവുമില്ല. പെരുന്നാൾ ദിനങ്ങളിൽ മുസ്ലീം ഭവനങ്ങളിലായിരുന്നു ദിലീപിന്റെ ഉച്ചഭക്ഷണം. കുളിക്കടവ് ദിവസവും വൃത്തിയാക്കുന്ന പതിവും ഉണ്ടായിരുന്നു.
മണികണ്ഠവിലാസത്തിൽ പരേതരായയ റിട്ട: പോസ്റ്റുമാൻ ഗോപിനാഥൻ നായരുടെയും തങ്കമ്മയുടെയും മകനാണ് ദിലീപ്. പോസ്റ്റ്മോർട്ടത്തിനുശേഷം തോട്ടക്കാട്ടുകര ശ്മശാനത്തിൽ സംസ്കരിച്ചു.