ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച മധ്യവയസ്കയുടെ സ്വർണാഭരണങ്ങൾ കാണാതായി. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് സ്വീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ സ്വർണം തിരിച്ചുനൽകി ആശുപത്രി അധികൃതർ തലയൂരി.

വരാപ്പുഴ ചിറക്കകം പാക്കത്തുപറമ്പിൽ പി.കെ. ശശിയുടെ ഭാര്യ രത്നം (66) വെള്ളിയാഴ്ച്ച വൈകിട്ടാണ് ആശുപത്രിയിൽ മരിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് രത്നത്തിന്റെ കൈയ്യിലുണ്ടായിരുന്നതെന്ന് പറഞ്ഞ് ഒരു സ്വർണ വള മാത്രമാണ് ആശുപത്രി അധികൃതർ നൽകിയത്. രത്നത്തിന് മക്കളില്ലാത്തതിനാൽ മറ്റ് ബന്ധുക്കളാണ് എത്തിയത്. ഈ സ്വർണം വീട്ടിലെത്തിച്ചപ്പോഴാണ് അഞ്ച് വള, രണ്ട് കമ്മൽ, ഒരു മോതിരം എന്നിവ ആശുപത്രിയിലേക്ക് പോകുമ്പോൾ ശരീരത്തിൽ ഉണ്ടായിരുന്നതായി ആശുപത്രിയിൽ നിന്ന് എത്തിയവർ അറിയുന്നത്.

ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവർത്തകർ ആശുപത്രിയിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകുകയും പകർപ്പ് ആലുവ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ നൽകുകയും ചെയ്തു. പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടും ബന്ധുക്കൾ സ്വീകരിച്ചു. വിഷയത്തിൽ ജനപ്രതിനിധികളും ഇടപ്പെട്ടു. ഇതോടെ വെട്ടിലായ ആശുപത്രി അധികൃതർ രണ്ട് മണിക്കൂറിനകം ബാക്കി സ്വർണാഭരണങ്ങൾ സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ശിവപ്രസാദിനെ വിളിച്ചുവരുത്തി കൈമാറി.

മരണശേഷം സ്വർണം ഊരിയെടുത്ത് സൂക്ഷിച്ച ജീവനക്കാർക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് രത്നത്തിന്റെ ഭർത്താവ് ശശി. പി.കെ. ബിജു ഏലൂർ, പ്രകാശൻ തുണ്ടത്തുംകടവ്, ബാബു അമ്പാട്ടുകാവ് എന്നിവരാണ് വിഷയത്തിൽ ഇടപ്പെട്ടത്.