വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ആറ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും കണ്ടെയ്‌ൻമെന്റ് സോണിലായ വൈപ്പിൻ മേഖലയിൽ രൂക്ഷമായ കടൽക്ഷോഭത്തോടെ ജനങ്ങൾ തീർത്തും ദുരിതത്തിലായി. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലും പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലും കടൽ കരയിലേക്ക് അടിച്ചുകയറി നാശംവിതച്ചു. ഇതേത്തുടർന്ന് വില്ലേജ്, പഞ്ചായത്ത് അധികാരികളും നാട്ടിലെ സന്നദ്ധ സേവകരുംകൂടി വെള്ളത്തിലായ കുടുംബങ്ങളെ വിവിധ സ്‌കൂളുകളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. എടവനക്കാട് ഫയർ ഫോഴ്‌സും സഹായത്തിനെത്തി. ഓപ്പൺ ടെമ്പോകളിലും വഞ്ചികളിലുമായാണ് ഇവരെ പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് സംസ്ഥാന പാതയ്ക്കരികെയുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്.
ദുരിതാശ്വാസക്യാമ്പുകൾ തുറന്നു
നായരമ്പലം ദേവിവിലാസം സ്‌കൂൾ 56, പ്രയാഗ കോളേജ് 68, ഭഗവതിവിലാസം സ്‌കൂൾ കൊവിഡ് ബാധിതർ 43, ക്വാറന്റെയിൻകാർ 35, എടവനക്കാട് ഗവ. യു.പി.43, എച്ച്. ഐ. എച്ച്. എസ് ക്വാറന്റെയിൻകാർ 20, എസ്.പി. സഭാസ്‌കൂൾ 24 എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്നവർ. നായരമ്പലം ലൊബേലിയ സ്‌കൂൾ കൂടി ക്യാമ്പിനായി ഏറ്റെടുത്തിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് റവന്യൂ, പഞ്ചായത്ത് അധികൃതർ ഭക്ഷണം നൽകുന്നുണ്ട്.
നാശനഷ്ടം വർദ്ധിക്കുന്നു
ശക്തിയായ കാറ്റും മഴയും മൂലം കുഴുപ്പിള്ളി, ചെറായി, പള്ളിപ്പുറം പ്രദേശങ്ങളിൽ കെ. എസ്. ഇ. ബി. യുടെ 6 എച്ച്. ടി. പോസ്റ്റുകളും10എൽ.ടി പോസ്റ്റുകളും ഒടിഞ്ഞുവീഴുകയോ മറിഞ്ഞുവീഴുകയോ ചെയ്തിട്ടുണ്ട്. ഇതിനാൽ വെള്ളിയാഴ്ച രാത്രി മുതൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്. ചെറായി കെ.എസ്.ഇ.ബി സെക്ഷനിലെ മുഴുവൻ ജീവനക്കാരും കരാർ ജീവനക്കാരും കിണഞ്ഞു ശ്രമിച്ചിട്ടും പലേടത്തും വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.