അങ്കമാലി: അങ്ങാടിക്കടവിൽ ഡീസൽ കയറ്റിയ ടാങ്കർ ലോറി റോഡിനു താഴേക്ക് മറിഞ്ഞ് ഡ്രൈവർ പൊയ്ക്കാട്ടുശേരി സ്വദേശി ബിബിന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് രക്ഷിച്ച് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി എത്തിച്ചത്. പരിക്ക് ഗുരുതരമല്ല. റോഡിന്റെ ഇടതുവശം ചേർന്ന് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. ടാങ്കറിൽ നിറയെ ഡീസൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് ടാങ്കറിൽ ചെറിയ ചോർച്ച കണ്ടതിനെ തുടർന്ന് ചെറിയ വീപ്പകളിൽ ഡീസൽ ശേഖരിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി റോഡിലേക്ക് കയറ്റി. അപകടത്തിൽ കുടിവെള്ള പൈപ്പും പൊട്ടി. ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.വി.ബിനോജ്, സി.ജി. സിദ്ധാർത്ഥൻ, കെ.ജി.സാംസൺ, റെജി എസ്.വാര്യർ, ടി.ആർ.റെനീഷ്, എ.അർജുൻ, വി.കെ.റിജുൽ, ശശിധരൻ നായർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.