കൊച്ചി: ഗൃഹപരിചരണത്തെ ശാക്തീകരിക്കുകയെന്നതാണ് കൊവിഡ് ചികിത്സയിലെ സുപ്രധാന കാര്യമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി.ടി. സക്കറിയ പറഞ്ഞു. വിദ്യാഭ്യാസവികാസ കേന്ദ്രം സംഘടിപ്പിക്കുന്ന, ' അറിഞ്ഞ് ആചരിക്കുക' എന്ന അമൃതജീവനം 2021 കൊവിഡ് പ്രതിരോധ വിദ്യാഭ്യാസപദ്ധതിയുടെ രണ്ടാംഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിലൂടെ മാത്രമെ ആരോഗ്യം സംരക്ഷിക്കാനാകു. അതിന് എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ശാസ്ത്രീയവും സുരക്ഷിതവുമായ വശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആവുക, ടെലി കൗൺസിലിംഗ് നൽകുക എന്നിവയാണ് അമൃതജീവനം രണ്ടാംഘട്ട പദ്ധതിയുടെ ലക്ഷ്യം. കൊവിഡ് രോഗികളുടെ ഗൃഹപരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഐ.എം.എ പകർച്ചവ്യാധി പ്രതിരോധവിഭാഗം സംസ്ഥാന ചെയർമാൻ ഡോ.പത്മകുമാർ, കൊവിഡ് പ്രതിരോധത്തിൽ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ.എ അൽത്താഫ് എന്നിവർ ക്ലാസ് എടുത്തു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം മോണിറ്ററിംഗ് കമ്മിറ്റി അംഗം എ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രം അദ്ധ്യക്ഷൻ ഡോ.എൻ.സി.ഇന്ദുചൂഢൻ സംസാരിച്ചു.