പെരുമ്പാവൂർ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സൗത്ത് വല്ലം ജമാഅത്ത് ഓഡിറ്റോറിയത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നു. പെരുമ്പാവൂർ മുനിസിപ്പാലിറ്റി ഒന്ന്, 24, 25, 26, 27 വാർഡുകൾ സംയുക്തമായാണ് സെന്റർ ആരംഭിക്കുന്നത്. പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 20 കിടക്കകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.
സൗത്ത് വല്ലം പ്രദേശം ഉൾപ്പെടുന്ന 26-ാം വാർഡിലെയും സമീപ വാർഡുകളിലേയും കൊവിഡ് ബാധിതരുടെ കുടുംബങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും വാർഡ് കൗൺസിലർ സാലിദ സിയാദ്, വല്ലം ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിലെ യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന സംഘവും മുന്നിലുണ്ട്. ക്ലബ് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാനും രോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ എത്തിക്കാനും 24 മണിക്കൂറും സജ്ജമായ രീതിയിലാണ് പ്രവർത്തനം. കൊവിഡ് ബാധിതരുടെ വീടുകളിലേക്ക് സാധനങ്ങളും ഭക്ഷണവും സൗജന്യമായി ക്ലബ് എത്തിക്കുന്നുണ്ട്. വാർഡ് മുഴുവൻ അണുവിമുക്തമാക്കിയും പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തികയാണ് വല്ലം ബ്രദേഴ്‌സ് ക്ലബ്.