p-rajeev
പൾസ് ഓക്‌സി മീറ്റർ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്റർ സന്ദർശിച്ച നിയുക്ത എം.എൽ.എ പി. രാജീവ് ഏറ്റുവാങ്ങുന്നു

ആലുവ: 25 -ാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ബിന്ദുവിന് ഒരു പാരിതോഷികം നൽകാനിരുന്നതാണ് എസ്.ബി.ഐ ചെറായി ബ്രാഞ്ച് മാനേജരായ മുപ്പത്തടം രോഹിണിയിൽ വിനോദ് വാസു. എന്നാൽ കൊവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ആഘോഷമല്ല വേണ്ടതെന്ന് ഈ ദമ്പതികൾ തിരിച്ചിഞ്ഞു.

വാർഡ് മെമ്പർ കെ.എൻ. രാജീവുമായി സംസാരിച്ചപ്പോഴാണ് രോഗബാധികർക്ക് ഓക്‌സിജന്റെ അളവറിയുന്നതിനുള്ള പൾസ് ഓക്‌സി മീറ്ററിന്റെ ആവശ്യമറിഞ്ഞത്. പിന്നെ വൈകിയില്ല, 25-ാം വർഷത്തിന്റെ ഓർമ്മയ്ക്ക് 25 പൾസ് ഓക്‌സി മീറ്ററുകൾ വാങ്ങി. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) സന്ദർശിച്ച നിയുക്ത എം.എൽ.എ പി. രാജീവിന്റെ സാന്നിധ്യത്തിൽ ഓക്‌സി മീറ്ററുകൾ ബിനാനിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്തിനിക്കു കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, പ്രതിപക്ഷ നേതാവ് വി.കെ. ശിവൻ, കെ.എൻ. രാജീവ് എന്നിവർ വിനോദിന്റെ കുടുംബത്തിന് ആശംസകൾ നേർന്നു. ഇനി മുതൽ ആവശ്യപ്പെടുന്ന രോഗബാധിതർക്ക് ആശാ വർക്കർമാരും പഞ്ചായത്ത് അംഗങ്ങളും മുഖേന ഈ ഓക്‌സി മീറ്ററുകളുടെ സൗജന്യ സേവനമുണ്ടാകും.