charity
തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു, സ്‌കൂൾ മാനേജർ പി.എ മുഖ്താർ, കെ.ബി ഷംസുദീൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികളിൽ നിന്ന് തുക ഏറ്റുവാങ്ങുന്നു

പെരുമ്പാവൂർ: പെരുന്നാൾ പണം തങ്ങൾ പഠിക്കുന്ന സ്‌കൂളിൽ മാനേജുമെന്റ് കമ്മിറ്റി വാങ്ങിക്കുന്ന ആംബുലൻസ് വാങ്ങിക്കുന്നതിലേക്ക് നൽകി മാതൃകയാവുകയാണ് തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ വിദ്യാർത്ഥികളും സഹോദരങ്ങളുമായ പള്ളിക്കവല മൗലൂദ്പുര സ്വദേശികളായ ഒൻപതാം ക്ലാസുകാരി മറിയം തബസുമ, ഏഴാംക്ലാസുകാരൻ അമീനുൽ ഹഖ്, നാലാംക്ലാസുകാരൻ അമാനുൽ ഹഖ് എന്നിവർ. വിശുദ്ധ റംസാനിൽ ഖുർആൻ ഒരുതവണ മുഴുവൻ പാരായണം ചെയ്ത് പൂർത്തിയാക്കിയതിന് പിതാവും മാതാവും ചേർന്ന് നൽകിയ സമ്മാനത്തുകയും പെരുന്നാളിന് അടുത്ത ബന്ധുക്കൾ നൽകിയ തുകയും ചേർത്താണ് പ്രതിസന്ധിയുടെ കാലത്ത് ഇവർ നൽകിയത്.

തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിൽ പീസ് വാലിയുടെ നേതൃത്വത്തിൽ ജമാഅത്ത് കമ്മിറ്റിയും സോപ്മയും ചേർന്ന് വെന്റിലേറ്റർ സൗകര്യങ്ങളോടുകൂടിയ കൊവിഡ് കെയർ സെന്റർ ആരംഭിക്കുന്നുണ്ട്. അതിന്റെ മുന്നോടിയായിട്ടാണ് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി എല്ലാ സൗകര്യങ്ങളുമുള്ള ആംബുലൻസ് വാങ്ങിക്കുന്നത്. ജമാഅത്ത് പ്രസിഡന്റ് സി.കെ. അബു, സ്‌കൂൾ മാനേജർ പി.എ. മുഖ്താർ, ജനറൽ സെക്രട്ടറി എം.കെ. ഷംസുദ്ദീൻ, ട്രഷറർ കെ.ബി. ഷാജഹാൻ, റസാഖ് കുരിയാനപ്പള്ളി, ജമാൽ വാണിയക്കാടൻ, പി.സി. സലീം, സൈതലവി കണയങ്കോടൻ, കെ.എസ്. അൽത്താഫ്, റഫീഖ് തെക്കേമാലി, മുസ്തഫ ചിറ്റേത്തുകുടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഈ പ്രവൃത്തിയിലൂടെ ഇത്തവണ പെരുന്നാൾ ആഘോഷം ഏറെ സന്തോഷം നൽകുന്ന ഒന്നായി മാറിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കുപ്പശേരി ചിറയിലാൻവീട്ടിൽ കെ.എ. നൗഷാദിന്റെയും ഷാജിത നൗഷാദിന്റെയും മക്കളാണിവർ.