kanakkankadavu-bamdu
കണക്കൻകടവിലെ താത്കാലിക മണൽബണ്ട് പൊട്ടിയസ്ഥലം നിയുക്ത എം.എൽ.എ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.

പറവൂർ: ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ പുത്തൻവേലിക്ക പഞ്ചായത്തിലെ കണക്കൻകടവ് താത്കാലിക മണൽബണ്ട് പൊട്ടി. വെള്ളം പാടശേഖരങ്ങളിൽ കയറിയതോടെ വ്യാപകമായി കൃഷി നാശമുണ്ടായി. ബണ്ടിന് സമീപത്തുള്ള വീടുകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വളരെ താഴ്ചയിൽ മണ്ണൊലിച്ചുപോയി. ബണ്ട് പൊട്ടിയതിനാൽ ചാലക്കുടിയാറിലേക്ക് ഉപ്പ് വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. ഇത് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയേയും സാരമായി ബാധിക്കും.

സംഭവസ്ഥലം നിയുക്ത എം.എൽ.എ വി.ഡി. സതീശൻ സന്ദർശിച്ചു. കർഷകർക്കുണ്ടായ നഷ്ടത്തിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ഉപ്പ് വെള്ളകയറുന്നത് തടയുവാൻ ബണ്ട് വീണ്ടും കെട്ടുകയോ കണക്കൻകടവ് ഷട്ടറിൽ മണൽചാക്ക് ഉപയോഗിച്ച് ഉപ്പുവെള്ളം കയറുന്നത് തടയുകയോ ചെയ്യണം. ഇതുസംബന്ധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഇറിഗേഷൻവകുപ്പ് ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ തഹസിൽദാർ രേഖ, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ടി.എസ്. സന്ധ്യ, അസി. എക്സിക്യുട്ടീവ് ഓഫീസർ എൻ.എസ്. ഹുസൈൻ, പഞ്ചായത്ത് അംഗം സിന്ധു നവീനന്ദ്, ടി.എ. നവാസ്, ഫ്രാൻസിസ് വലിയപറമ്പിൽ, ഡേവിസ് പനക്കൽ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.