മൂവാറ്റുപുഴ: കൊവിഡിനെ പ്രതിരോധിക്കുവാൻ അരക്കോടിരൂപയുടെ പദ്ധതിയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പണ്ടപ്പിള്ളി, കല്ലൂർക്കാട് സർക്കാർ ആശുപത്രികളിൽ കൊവിഡിനെ പ്രതിരോധിക്കുവാൻ ഡി.എം.ഒയും ജില്ലാ പഞ്ചായത്തും നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് നടപടികൾ സ്വീകരിക്കുവാൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
പണ്ടപ്പിള്ളി ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തോടെ 30 ബെഡുകൾ ക്രമീകരിക്കും. മഴക്കാല രോഗങ്ങളായ വിവിധയിനം പനി പടരുവാൻ സാദ്ധ്യയുള്ളതിനാൽ നിവിലുള്ള ഒ.പി സംവിധാനം സുരക്ഷിതമായി ക്രമീകരിക്കും. കല്ലൂർക്കാട് ആശുപത്രിയിൽ ഫാർമസിസ്റ്റിനെ നിയമിക്കുവാനും ജനറേറ്റർ വാങ്ങുന്നതിനും തീരുമാനിച്ചു. പാലിയേറ്റീവ് വിഭാഗം നവീകരിച്ച് പണിപൂർത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എട്ട് പഞ്ചായത്തുകളിലും പൾസ് ഓക്സിമീറ്ററുകൾ, ഫേസ് ഷീൽഡുകൾ, മാസ്കുകൾ, കൈയുറകൾ, അണുനശീകരണം നടത്തുന്നതിനുള്ള സ്പ്രേയറുകൾ എന്നിവ നൽകും. ഇവയുടെ ചെലവുകൾക്കായിട്ടാണ് അരലക്ഷം രൂപ വിനിയോഗിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ പറഞ്ഞു. വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് ഖാൻ, സാറാമ്മജോൺ, രമ രാമകൃഷ്ണൻ, അംഗങ്ങളായ ജോസി ജോളി വട്ടക്കുഴി, ഷിവാഗോ തോമസ്, റീന സജി, അഡ്വ. ബിനിഷൈമോൻ, കെ.ജി. രാമകൃഷ്ണൻ, ബെസ്റ്റിൻ ചേറ്റൂർ, സിബിൾ സാബു, ഒ.കെ. മുഹമ്മദ്, ബി.ഡി.ഒ എം.ജി. രതി, ജോ.ബി.ഡി.ഒ ഷൈജുപോൾ എന്നിവർ പങ്കെടുത്തു.