കൊച്ചി: മട്ടാഞ്ചേരിയിൽ ഓട്ടിസവും ബുദ്ധിവൈകല്യവുമുള്ള മകനെ പിതാവ് സുധീർ മർദ്ദിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത് സഹികെട്ടാണെന്ന് കുട്ടിയുടെ അമ്മ. ചെറുപ്പം മുതൽ കുട്ടിയെ പിതാവ് ഉപദ്രവിക്കാറുണ്ട്. മകന് 16 വയസുള്ളപ്പോഴാണ് ഓട്ടിസം സ്ഥിരീകരിച്ചത്. ഇതിനു ശേഷം പിതാവിന്റെ ശല്യം കൂടി. ചെറുപ്പത്തിലേ അൽപ്പം വികൃതിയാണ്. പെട്ടെന്ന് ദേഷ്യവും വരും അവന്. അടിയും ഇടിയും കൈയിൽ കിട്ടുന്നത് എന്തും ഉപയോഗിച്ചുള്ള അക്രമവും നിരന്തരം പിതാവിൽനിന്ന് ഏറ്റുവാങ്ങും. എങ്കിലും എല്ലാം സഹിക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു കുട്ടിക്ക് ചികിത്സ. മരുന്ന് കൃത്യമായി നൽകണമെന്നും ഒറ്റമുറി വീട്ടിൽ നിന്ന് അത്യാവശ്യ സൗകര്യങ്ങൾ ഉള്ള വീട്ടിലേക്ക് മാറണമെന്നും ഡോക്ടർമാർ നിർദേശിച്ചെങ്കിലും പിതാവ് ഇതിനൊന്നും തയാറായിരുന്നില്ല. കുട്ടിയെ അടിക്കുന്നത് തടയാൻ ശ്രമിക്കുമ്പോൾ തനിക്കും പതിവായി മർദ്ദനമേൽക്കാറുണ്ട്.

മക്കളെയും തന്നെയും സുധീർ വേണ്ട രീതിയിൽ സംരക്ഷിക്കുന്നില്ല. ബന്ധുക്കളുടെയും മറ്റും സഹകരണം കൊണ്ടാണ് ജീവിതം ഇതുവരെ തള്ളിനീക്കിയത്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹോട്ടൽ ജോലിക്ക് പോവുകയാണെന്ന് അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു.

പത്താക്ലാസ് കഷ്ടിച്ച് ജയിച്ച കുട്ടിയെ തുടർ പഠനത്തിന് അയച്ചിരുന്നില്ല. ഇതിന് ശേഷമാണ് അവൻ കൂടുതൽ പരുഷമായി പെരുമാറാൻ തുടങ്ങിയത്. ഏഴും പതിനാലും വയസുള്ള ഇളയ സഹോദരങ്ങളുടെ മുന്നിൽ വച്ചായിരുന്നു മനുഷ്യത്വരഹിതമായ പീഡനങ്ങൾ. അറസ്റ്റിലായ സുധീറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മർദ്ദനം സഹിക്കവയ്യാതെ അമ്മ രംഗങ്ങൾ പകർത്തി ബന്ധുക്കൾക്ക് നൽകിയത് പൊലീസിന്റെ ഫേസ്ബുക്ക് പേജിലും ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.