പറവൂർ: ഒന്നര വയസ്സുള്ള കുട്ടിയുമായി കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് കണ്ണൻകുളങ്ങര ക്ഷേത്രത്തിന്റെ മതിൽ ഇടിച്ചു തകർത്തു. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സുമാരിൽ ഒരാൾക്ക് പരിക്കേറ്റു. മതിലും ക്ഷേത്രകവാടത്തോട് ചേർന്നുള്ള ഒരു തൂണും തകർന്നു. കവാടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടി. ദേശീയപാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ തൊണ്ടയിൽ എന്തോ കുടുങ്ങിയതിനെ തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലൻസിൽ കുട്ടിയുടെ മാതാപിതാക്കളും മൂന്ന് നഴ്സുമാരും ഡ്രൈവറും ഉണ്ടായിരുന്നു. പരുക്കേറ്റ നഴ്സ് റോസി മേഘ ഷാജുവിനെയും കുട്ടിയെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റു നഴ്സുമാരായ മിന്നു ജോസ്, രേഷ്മ രാജീവൻ, ഡ്രൈവർ ഫസീൻ എന്നിർക്ക് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി ക്ഷേത്രമതിൽ തകർക്കുന്ന മൂന്നാമത്തെ അപകടമാണ് ഇന്നലത്തേത്.