periyar
കനത്ത മഴയിലും കാര്യമായി ജലനിരപ്പ് ഉയരാതെ ആലുവ പെരിയാർ

ആലുവ: കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ഒഴുക്ക് ശക്തമാണെങ്കിലും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. മണപ്പുറത്തേക്ക് വെള്ളം കയറണമെങ്കിൽ ഇനിയും രണ്ട് രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരണം. അതേസമയം, മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിനകത്ത് വെള്ളംകയറി. ക്ഷേത്രവളപ്പിൽനിന്നും വെള്ളം പെരിയാറിലേക്ക് ഒഴുകുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെ തിരിച്ചുകയറുകയായിരുന്നു.

അതേസമയം നഗരത്തിലെ നിരവധി ഇടറോഡുകളിൽ വെള്ളക്കെട്ടാണ്. കാനകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡ് നിറഞ്ഞുകവിയാനിടയാക്കിയത്. സ്വകാര്യ ബസ് സ്റ്റാൻഡ് റോഡ്, കുന്നുംപുറം റോഡ്, കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ശക്തമായ കാറ്റിൽ തോട്ടയ്ക്കാട്ടുകരയിൽ നിരവധി കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു. നിരവധി സ്ഥലങ്ങളിൽ തണൽമരങ്ങളുടെ ശിഖരങ്ങളും ഒടിഞ്ഞിട്ടുണ്ട്.