മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധത്തിനായി 400 കുപ്പി ഹോമിയോമരുന്ന് നൽകി റിട്ട. ഗവ.ചീഫ്. മെഡിക്കൽ ഓഫീസർ ഡോ. ശിവദാസൻ ശ്രദ്ധേയനാകുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് 1,2 വാർഡുകളിലേക്കും പായിപ്ര എ.എം. ഇബ്രാഹം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിലേക്കുമാണ് മരുന്ന് നൽകിയത്.
പായിപ്രയിലേക്ക് നൽകിയ ഹോമിയോമരുന്ന് രണ്ടാം വാർഡ് മെമ്പർ പി.എച്ച്.സക്കീർ ഹുസൈൻ ഡോ.ശിവദാസനിൽ നിന്ന് ഏറ്റുവാങ്ങി. ലൈബ്രറി ജോയിന്റ് സെക്രട്ടറി ഇ.എസ്. ഷാനവാസ്, വാർഡ് വാളന്റിയർ കെ.കെ.ജബ്ബാർ എന്നിവർ പങ്കെടുത്തു. കഴിയുന്നത്ര വീടുകളിൽ ഓരോ ബോട്ടിൽ മരുന്നെത്തിക്കുകയാണ് ഡോക്ടറുടെ ലക്ഷ്യം. രാവിലെ വെറുംവയറ്റിൽ മൂന്ന് ഹോമിയോഗുളികകൾ വീതം മൂന്നു ദിവസം കഴിക്കാനാണ് നിർദ്ദേശിക്കുന്നത്. ഒരു ബോട്ടിൽ മരുന്ന് വീട്ടിലെ എല്ലാവർക്കും തികയും.
കൊവിഡിന്റെ ആദ്യഘട്ടത്തിലും ഡോ. ശിവദാസ് ചാരിറ്റി സംഘടനകൾ വഴി ഹോമിയോ മരുന്നുകൾ വീടുകളിൽ എത്തിച്ചിരുന്നു. രണ്ടാം കൊവിഡ് വ്യാപനം തീവ്രമായപ്പോൾ മുതൽ ഹോമിയോമരുന്നുകൾ വിവിധ സംഘടനകൾ വഴി വീടുകളിൽ എത്തിക്കുന്നതിന് സംവിധാനം ഒരുക്കി.