muthu-pradeep

കൊച്ചി​: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നൂറനാട് സ്വദേശി​ ബാബുക്കുട്ടനെ ഒളിവിൽ പോകാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണം വിൽക്കാനും സഹായിച്ച രണ്ടു പേരെ കൂടി​ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ ബാബുക്കുട്ടനു പുറമെ നാലു പേർ പി​ടി​യി​ലായി​.

വർക്കല വാരയകോണം പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (34), വർക്കല അയിരൂർ കണ്ണമ്പ നടയറ കനാൽപുറമ്പോക്ക് ഒലി​പ്പുവി​ള മുത്തുഭവനി​ൽ സുരേഷ് (44), ഇയാളുടെ മകൻ മുത്തു (22), മുത്തുവി​ന്റെ സുഹൃത്ത് അയിരൂർ ശ്രീനിലയത്തിൽ അച്ചു (20) എന്നി​വരാണ് അറസ്റ്റി​ലായത്. പ്രദീപും മുത്തുവും വെള്ളി​യാഴ്ച പിടിയിലായിരുന്നു.

വർക്കലയി​ലെ ജുവലറി​യി​ൽ മുത്തുവും അച്ചുവും ചേർന്ന് വി​റ്റ രണ്ട് പവനോളം വരുന്ന യുവതി​യുടെ മാലയും വളയും ഉരുക്കി​യ നി​ലയി​ൽ കണ്ടെടുത്തി​ട്ടുണ്ട്. യുവതി​യുടെ ബാഗ് സുരേഷി​ന്റെ വീട്ടി​ൽ നി​ന്ന് കണ്ടെത്തി​.

ഒളി​വി​ൽ പോകും മുമ്പ് മാലയും വളയും ബാബുക്കുട്ടൻ പ്രദീപി​നെയാണ് ഏൽപ്പി​ച്ചത്. മുത്തുവും അച്ചുവും ചേർന്ന് ഇവ വി​റ്റ് 60,000 രൂപ സുരേഷി​നെ ഏൽപ്പി​ച്ചു. 19,500 രൂപ ബാബുക്കുട്ടനു കൈമാറി​. ബാക്കി​ സുരേഷ് എല്ലാവർക്കും വീതി​ച്ചു നൽകി​. ബാബുക്കുട്ടനും പ്രദീപും വർഷങ്ങളായി​ അടുപ്പമുള്ളവരും ജയി​ലി​ൽ ഒരുമി​ച്ച് കി​ടന്നി​ട്ടുള്ളവരുമാണ്. അതുകൊണ്ടാണ് സംഭവം നടന്ന ശേഷം ഇയാൾ നേരെ വർക്കലയി​ലേക്ക് പോയത്.

 ബാബുക്കുട്ടനെ നാളെ കസ്റ്റഡി​യി​ൽ വാങ്ങും

മുഖ്യപ്രതി ബാബുക്കുട്ടനെ കസ്റ്റഡി​യി​ൽ കി​ട്ടാൻ നാളെ റെയിൽവേ പൊലീസ് അപേക്ഷ സമർപ്പി​ക്കും. തുടർച്ചയായി അപസ്മാരം ഉണ്ടായതിനാൽ ഇയാളുടെ തെളിവെടുപ്പ് പൂർത്തിയായിരുന്നില്ല. കസ്റ്റഡിക്കാലാവധി അവസാനിക്കുകയും ചെയ്തു. നാളെ കസ്റ്റഡി​യി​ൽ ലഭി​ച്ചാൽ നാളെത്തന്നെ സംഭവം നടന്ന മുളന്തുരുത്തിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പാെലീസ് പദ്ധതി. ഏപ്രി​ൽ 28ന് രാവി​ലെയാണ് ഗുരുവായൂർ - പുനലൂർ ട്രെയി​നി​ലെ ആളൊഴി​ഞ്ഞ കമ്പാർട്ട്മെന്റി​ൽ വച്ച് യുവതി​യെ ആക്രമി​ച്ച് ആഭരണങ്ങൾ ഉൗരി​വാങ്ങി​യത്. പി​ടി​വലി​ക്കി​ടെ യുവതിക്ക് ട്രെയിനിൽ നിന്ന് വീണ് സാരമായി പരിക്കേറ്റു. ഒളി​വി​ൽ പോയ ബാബുക്കുട്ടനെ മേയ് നാലി​ന് ചി​റ്റാറി​ലെ വനമേഖലയി​ൽ നി​ന്ന് അറസ്റ്റ് ചെയ്തു. യുവതി​ ഇപ്പോൾ വീട്ടി​ൽ വി​ശ്രമത്തി​ലാണ്.