ഇല്ലാതായത് ആധാരം പണയപ്പെടുത്തി വാങ്ങിയ പശുക്കൾ
ആലുവ: കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ മോസ്കോക്ക് സമീപം ഇടിമിന്നലേറ്റ് നാല് കറവപ്പശുക്കൾ ചത്തു. ശനിയാഴ്ച്ച രാത്രിയിലാണ് കുഴിക്കാട്ടുമാലിൽ ഷെമീറിന്റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് മിന്നലേറ്റതെന്ന് കരുതുന്നു. കിടാവുകൾ മറ്റൊരു തൊഴുത്തിൽ ആയിരുന്നതിനാൽ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാല് മണിയോടെ കറവയുമായി ബന്ധപ്പെട്ട് ഷെമീർ തൊഴുത്തിൽ എത്തിയപ്പോഴാണ് നാലും ചത്തുകിടക്കുന്നത് കണ്ടത്. രാത്രിയിൽ ശക്തമായ മഴയായതിനാൽ പശുവിന്റെ കരച്ചിലൊന്നും ഷെമീറിന്റെയും വീട്ടുകാരുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കീഴ്മാട് വെറ്ററിനറി ആശുപത്രിയിലെ ഡോ. ബബിത സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി മിന്നലേറ്റതാണ് മരണകാരണമെന്ന് ഉറപ്പിച്ചു.
ഷെമീറും കുടുംബവും പതിറ്റാണ്ടുകളായി ക്ഷീരകർഷകരാണ്. മാതാവ് സൈനബ, ഭാര്യ ഹസീന, മക്കളായ യാസിൻ, ഫയാസ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗമായിരുന്നു നിത്യേന 40 ലിറ്ററോളം പാൽ ലഭിച്ചിരുന്ന പശുക്കൾ. സമീപവാസികൾക്കും മാറമ്പിള്ളി സൊസൈറ്റിയിലുമാണ് പാൽ നൽകിയിരുന്നത്. കീഴ്മാട് സഹകരണ ബാങ്കിൽ വീടിന്റെ ആധാരം നൽകി രണ്ട് ലക്ഷം രൂപ വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. 1.75 ലക്ഷത്തോളം രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്.