mathil
പുറ്റുമാനൂർ സ്കൂളിന്റെ മതിൽ ഇടിഞ്ഞ നിലയിൽ

കോലഞ്ചേരി: കൊവിഡിന് പിന്നാലെ മഴയും പിടിമുറുക്കിയതോടെ ജനങ്ങൾ ദുരിതത്തിൽ. മേഖലയിൽ മഴയുടെ ശക്തിക്ക് നേരിയ കുറവുവന്നെങ്കിലും ഡാമുകൾ തുറന്നതോടെ വന്നേക്കാവുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കറുകപ്പിള്ളി ഗവ.യു.പി സ്കൂളിലും കടമറ്റം യു.പി സ്കൂളിലും സൺഡേ സ്കൂളിലും ഞാറള്ളൂർ ബെത്‌ലേഹേം സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് എത്താൻ ആളുകൾ വിമുഖതയിലാണ്. അധികൃതർ ആവർത്തിച്ച് പറഞ്ഞിട്ടും തത്കാലം മാറുന്നില്ലെന്നാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർ പറയുന്നത്.

ട്രിപ്പിൾ ലോക്ക് ഡൗൺ കൂടിയായതോടെ ക്യാമ്പിലേക്കുള്ള ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനില്ക്കുകയാണ്.

 വെള്ളക്കെട്ട് രൂക്ഷം, കനത്ത നാശം

കുന്നത്തുനാട് പഞ്ചായത്തിലെ ഊത്തിക്കരയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൂതൃക്കയിൽ കുടംബനാട് മേഖലയിൽ മുണ്ടോത്തിൽ പ്രദീപിന്റെ വീട് മരം വീണ് തകർന്നു. പുറ്റുമാനൂർ ഗവ.യു.പി സ്കൂളിന്റെ മതിൽ പൂർണമായും തകർന്നു. പൊട്ടക്കത്താഴം നിരപ്പാമല ഭാഗത്ത് വീശിയടിച്ച കാറ്റ് റബറും വാഴയുമടക്കം കാർഷീക വിളകൾക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കി. വെട്ടിത്തറ ഭാഗത്തും ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായി. വെട്ടിത്തറ ക്നാനായ കത്തോലിക്ക പള്ളിയുടെ മേൽക്കൂര പൂർണമായും നശിച്ചു. വാടാത്തുപറമ്പിൽ കുട്ടിയുടെ വീട് മരം വീണ് തകർന്നു. ഇടത്താറയിൽ വർഗീസ്, ചാക്കോച്ചൻ, മറിയാമ്മ, മേനാപുത്തൻപുര സജി, പാറപ്പുഴ കുറുങ്ങാട്ടിൽ ഷാജൻ എന്നിവരുടെ ജാതി, തെങ്ങ്, വാഴ എന്നിവ നശിച്ചു.

 ഡൊമിസിലിയറി കെയർ സെന്റർ തുറക്കും

കുന്നത്തുനാട്ടിലെ കൊവിഡ് രോഗികൾക്കാശ്വാസമായി ഐക്കരനാട് പഞ്ചായത്തിലെ ദേശീയപാതയിലുള്ള ഞാറ്റിൻകാല ഹിൽടോപ്പിൽ 100 കിടക്കകളോടെ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം നാളെ തുടങ്ങും. മോറക്കാല സ്കൂളിൽ 50 പേർക്കായുള്ള ഡി.സി.സി പ്രവർത്തന സജ്ജമായി. കിഴക്കമ്പലത്ത് കൊവിഡ് പ്രതിരോധ സമിതിയുടെ നേതൃത്വത്തിലുള്ള ജനകീയ ഡി.സി.സി പ്രവർത്തന സജ്ജമായി വരുന്നു. സെന്റ് ജോസഫ്സ് സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡി.സി.സിയും മഴുവന്നൂരിൽ വലമ്പൂർ ഗവ. യു.പി സ്കൂളിലെ ഡി.സി.സിയും പ്രവർത്തന സജ്ജമായി.