കൊച്ചി: മുതിർന്ന തലമുറയിലെ ലെനിൻ മുതൽ ന്യൂജൻ അന്റോണിയോ ഗ്രാംഷി വരെ. പേര് കേട്ടാൽ ജാതി തിരിയില്ല. അതാണ് എറണാകുളം ചേരാനല്ലൂർ പഞ്ചായത്തിലെ വാലത്ത് ഗ്രാമത്തിന്റെ മതേതരത്വം. കമ്യൂണിസ്റ്റ് മനോഭാവവും ശ്രീനാരായണഗുരുവിന്റെ മതേതര ദർശനവും ഇഴചേർന്നതാണ് ഈ ആദർശം.
കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ റിട്ട. ഉദ്യോഗസ്ഥനായ ലെനിനും എഫ്.എ.സി.ടി.യിൽ നിന്ന് വിരമിച്ച പരേതനായ സ്റ്റാലിനുമായിരുന്നു ഇവിടത്തെ മുൻനിര കമ്യൂണിസ്റ്റ് നാമധാരികൾ. സോവിയറ്റ് റഷ്യയിലെ വിപ്ലവനായകരായ വ്ലാദിമർ ലെനിനെയും ജോസഫ് സ്റ്റാലിനെയും മാതൃകയാക്കിയാണ് മാതാപിതാക്കൾ ഇവർക്ക് ഈ പേരുകൾ നൽകിയത്. അന്നു തുടങ്ങിയ വാലത്ത് നാടിന്റെ വ്യക്തിനാമ പാരമ്പര്യം ഇന്നും തുടരുന്നതിന്റെ ഉദാഹരണമാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന അന്റോണിയോ ഗ്രാംഷി. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായിരുന്നു ഗ്രാംഷി.
ഗഗാറിനും ഡാർവിനും ആംസ്‌ട്രോങ്ങും ഫ്രോയ്ഡും തെരിഷ്‌കോവയും മോപസാങ്ങും ഐൻസ്റ്റീനും സോക്രട്ടീസുമൊക്കെ വാലത്തുണ്ട്. അറിയപ്പെടുന്ന സ്ഥലനാമ ചരിത്രകാരനും സാഹിത്യകാരനുയിരുന്ന വി.വി.കെ വാലത്ത് - കൃശോദരി ദമ്പതികളുടെ മൂന്ന് ആൺ മക്കൾ മോപസാങ്ങും ഐൻസ്റ്റീനും സോക്രട്ടീസുമാണ്. വി.വി.കെ വാലത്തിന്റെ സഹോദര പുത്രനാണ് കിച്ച്‌ലു (സ്വാതന്ത്ര്യസമര സേനാനി സൈഫുദ്ദീൻ കിച്ച്‌ലുവിന്റെ സ്മരണ). കിച്ച്‌ലുവിന്റെ സഹോദരൻ ദിനകരന്റെ ഏകമകനാണ് ആംസ്‌ട്രോംഗ്.
കൂട്ടത്തിൽ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് എം.ആർ.സ്റ്റാലിൻ 2016 ലാണ് അന്തരിച്ചത്. സ്റ്റാലിൻെറ രണ്ട് ആൺമക്കൾ ഗഗാറിനും ഡാർവിനും. ഡാർവിൻ - ഷാഹിന ദമ്പതികളുടെ മക്കൾ ഫ്രോയ്ഡും,തെരഷ്‌കോവയും. ബാലകൃഷ്ണൻ - സുനന്ദ ദമ്പതികളുടെ മൂന്ന് ആൺമക്കൾ നൗഷാദ്, ജയ്ഷാദ്, പ്രിയഷാദ്. മാട്ടുമ്മൽ ജയൻ -മേദിനി ദമ്പതികളുടെ മക്കൾ ബഷീറും ബൈജുവും. ബൈജുവിന്റെ മക്കളാണ് ഹാഷ്മിയും അന്റോണിയോ ഗ്രാംഷിയും. തുണ്ടിപറമ്പിൽ രഘുവരൻ - തങ്കമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ ഷാഹിനയാണ് ബഷീറിന്റെ ഭാര്യ. നടുവിലമണപ്പുറത്ത് എം.എ.വാസു തിലോത്തമ ദമ്പതികളുടെ പെൺമക്കൾ സോഷയും പാഷയും വിവാഹിതരായതോടെ വാലത്തുനിന്ന് പോയി.
'പാരമ്പര്യമായി കമ്യൂണിസ്റ്റുകാരും പുരോഗമനാശയക്കാരുമായ വാലത്തെ ഈഴവ കുടുംബങ്ങളിലാണ് ഈ പേരുകാർ ഉള്ളത്. മതേതരത്വം വാക്കിൽമാത്രമല്ല, പ്രവൃത്തിയിലും നിലനിറുത്തണമെന്നാണ് ഞങ്ങളുടെ വിശ്വാസം. പക്ഷെ, ഇന്നത്തെ തലമുറയിൽ നല്ലൊരുപങ്കും കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അത്ര വിശ്വസിക്കുന്നില്ല. ചിലരൊക്കെ പാർട്ടി അനുഭാവികളാണ്. പാർട്ടിവിരുദ്ധരും ഇല്ലാതില്ല. അതിന്റെ പിരണിതഫലമാണ് കഴിഞ്ഞ മൂന്നതുവണയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാലത്ത് വാർഡിൽ യു.ഡി.എഫിന്റെ വിജയം.
- ജയ്ഷാദ് (ബാലകൃഷ്ണൻ - സുനന്ദ ദമ്പതികളുടെ മകൻ)