കളമശേരി: കനത്ത മഴയിൽ ഏലൂരിൽ വ്യാപക നാശനഷ്ടം. വൈലോക്കുഴി ചൂട്ടിമേൽ ശശിയുടെ വീട്ടിലടക്കം നിരവധി വീടുകളിൽ വെള്ളം കയറി.വടക്കുംഭാഗത്ത് അമ്പതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അഞ്ച്, ആറ് വാർഡിനോട് ചേർന്നു കിടക്കുന്ന കുഴിക്കണ്ടം തോടിനടുത്തുള്ള എസ്.സി. കോളനിയിൽ ഏതാനും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പനച്ചിതോട് , ഇടബാടം തോട്, വലിയചാൽ തോട്, തുടങ്ങിയവ നിറഞ്ഞിരിക്കുകയാണ്. ഏലൂർ നഗരസഭയിലെ ഡിപ്പോ റോഡ് വെള്ളത്തിലായി. രാസമാലിന്യങ്ങൾ നിറഞ്ഞ കുഴിക്കണ്ടം തോട് ഇന്നലെ വൃത്തിയാക്കി തടസങ്ങൾ നീക്കി. വാർഡ് കൗൺസിലർമാരായ കൃഷ്ണപ്രസാദ്, സരിത പ്രസീദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തോട് വൃത്തിയാക്കിയത്. നിയുക്ത എം.എൽ.എ. പി. രാജീവ് , ചെയർമാൻ എ.ഡി. സുജിൽ എന്നിവർ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു.