മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്നതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിൽ. തുടർച്ചയായി പെയ്യുന്ന മഴയും മലങ്കര ഡാമിന്റെ ഷട്ടർ തുറന്നതുംകാരണമാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നത്. മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, എട്ടങ്ങാടി, സ്റ്റേഡിയം. കൂളുമാരി, വാലടിത്തണ്ട്, കാളച്ചന്ത, കാവുങ്കര, ഇലാഹിയ കോളനി, കടവുംപാട്, ആനിക്കാക്കുടി, പെരുമറ്റം, ആനച്ചാൽ, മാർക്കറ്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് ആശങ്കയിലായത്.
മഴ ശക്തമായി തുടർന്നാൽ മൂവാറ്റുപുഴ നഗരസഭയിലെ കോർമലയാണ് ഏറ്റവും കൂടുതൽ ദുരന്തഭീഷണി നേരിടുന്നത്, എം.സി റോഡിലെ വാഴപ്പിള്ളിയിലും എസ്. വളവിലും റോഡിൽ വെള്ളക്കെട്ടായി. മഴ ശക്തമാകുമ്പോൾ റോഡും തോടും തിരിച്ചറിയാൻ പാടില്ലാത്തവിധമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
മുളവൂർതോട് സംഗമിക്കുന്ന കടവുംപാട്, വാലടി തണ്ട് പ്രശങ്ങളിലെ ചില വീടുകളിൽ ഇന്നലെ രാവിലെ വെള്ളം കയറുന്ന നിലയിലായിരുന്നു. ഇൗ പ്രദേശത്തെ പെരുമറ്റം പാലത്തിനടിയിലൂടെ ഒഴുകിവന്ന മരങ്ങളും മറ്റ് മാലിന്യങ്ങളും പാലത്തിനടിയിൽ തട്ടിനിൽക്കാൻ തുടങ്ങിയതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ഇതോടെ ഇൗ പ്രദേശത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കം വെള്ളം കയറുകയായിരുന്നു. പ്രദേശവാസികൾ ഏറെ പണിപ്പെട്ടാണ് പാലത്തിൽ തടഞ്ഞുനിന്ന മരം മാറ്റിയത്. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ടെങ്കിലും മലങ്കര ഡാം തുറന്നതിനാൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല .