വൈപ്പിൻ: കൊവിഡിനോടൊപ്പം കടൽക്ഷോഭവും രൂക്ഷമായ വൈപ്പിൻ നിവാസികളുടെ ദുരിതജീവിതം നാലാംദിവസവും തുടരുന്നു. മുൻ കാലങ്ങളിലേക്കാൾ കടൽക്ഷോഭം അതിശക്തമായതിനാൽ പടിഞ്ഞാറൻ മേഖലകളിലുള്ളവർ വിവിധ സ്‌കൂളുകളിലും ഹാളുകളിലും തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടി. കൊവിഡ് വ്യാപനത്തെ ഭയന്ന് പലരും ബന്ധുക്കളുടെ വീടുകളിലേക്കും മാറിയിട്ടുണ്ട്. പല വീടുകളിലും വെള്ളംകയറിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ, എച്ച്.ഐ.എച്ച്.എസ്.എസ്, ഗവ. യു.പി സ്കൂൾ, എസ്.പി. സഭ എൽ.പി, ഹലാഹിയ മദ്രസ ഹാൾ, നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ, ദേവിവിലാസം യു.പി സ്കൂൾ. ലൊബേലിയ ഹൈസ്‌കൂൾ, പ്രയാഗ കോളേജ്, ഞാറക്കൽ ഗവ. ഫിഷറീസ് യു.പി സ്കൂൾ, ക്രിസ്തുരാജ പള്ളി സ്‌കൂൾ, എളങ്കുന്നപ്പുഴ, മാലിപ്പുറം എ.ഐ.വി.യു.പി, കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ യു.പി, പള്ളിപ്പുറം ചെറായി രാമവർമ്മ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
കൊവിഡ് ബാധിതരും ക്വാറന്റെയിനിൽ ഉള്ളവരും പ്രത്യേകം ക്യാമ്പുകളിലാണ്. ചെറായി ഭാഗത്തെ കൊവിഡ് ബാധിതരെ അതാതിടത്തെ അങ്കണവാടികളിലാണ് പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ ഉള്ളവർക്ക് ഭക്ഷണം അതാതിടത്തെ പഞ്ചായത്ത് അധികൃതർ നൽകുന്നുണ്ട്.
കടൽക്ഷോഭത്തെ തുടർന് ഒറ്റപ്പെട്ടുപോയ ഏഴ് വീടുകളിലെ കൊവിഡ് ബാധിതരെ കുഴുപ്പിള്ളിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് സ്ഥലത്തെത്തി വഞ്ചികളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. പഞ്ചായത്ത് അംഗം കൂടിയായ വിപിന അനീഷ്, മേഖലാ സെക്രട്ടറി ജയഗീഷ്, എൻ.എസ്. സൂരജ് എന്നിവർ നേതൃത്വം നൽകി.
വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു
ചെറായി 7,8 വാർഡുകളിൽ മരംവീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണുമുണ്ടായ വൈദ്യുതിതസ്സം നാട്ടുകാരുടെ സഹായത്തോടെ കെ.എസ്.ഇ.ബി ജീവനക്കാർ പുന:സ്ഥാപിച്ചു. പള്ളിപ്പുറം, ചെറായി, കുഴുപ്പിള്ളി മേഖലയിൽ വെള്ളിയാഴ്ച രാത്രിയോടെ തടസപ്പെട്ട വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെ പുന:സ്ഥാപിച്ചു.