adhwaithasramam
ആലുവ അദ്വൈതാശ്രമംസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയിൽ നിന്നും ഭക്ഷണപ്പൊതി ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. രാജേഷ് ഏറ്റുവാങ്ങുന്നു

ആലുവ: ലോക്ക് ഡൗൺ മൂലം ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്ക് അന്നം നൽകി ആലുവ അദ്വൈതാശ്രമം സമൂഹത്തിനാകെ മാതൃകയാകുന്നു. ആലുവ ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് നിത്യേന ഉച്ചയ്ക്ക് 50 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്.

ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. രാജേഷിനെ ബന്ധപ്പെട്ട് ഭക്ഷണം നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പൊലീസും സന്തോഷത്തോടെ പങ്കാളിയാകാമെന്ന് അറിയിച്ചു. ദിവസവും ഉച്ചയ്ക്ക് 12.30ഓടെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വാഹനമെത്തി ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങും. തുടർന്ന് വഴിയരികിലെ നിർധനരായ ആളുകളെ കണ്ടെത്തി പൊലീസ് നേരിട്ട് ഭക്ഷണപ്പൊതികൾ കൈമാറും. ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ഭക്ഷണ വിതരണം ആരംഭിച്ചതെങ്കിലും കേട്ടറിഞ്ഞ് ചിലർ സഹായം നൽകാൻ തയ്യാറായി.

ലോക്ക് ഡൗൺ വീണ്ടും ദീർഘിപ്പിക്കുകയും ജില്ല ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറുകയും ചെയ്തതോടെ വഴിയരികിൽ കിടക്കുന്നവർ കൂടുതൽ ദുരിതത്തിലാകുമെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമുണ്ടെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഈ മഹാമാരിക്കാലത്ത് അദ്വൈതാശ്രമത്തിന് ചെയ്യാൻ കഴിയുന്ന സേവനമാണിതെന്നും അദ്വൈതാശ്രമത്തിൽ ഗുരുപൂജ പ്രസാദ വിതരണം ഉണ്ടായിരുന്ന നാളുകളിൽ നിർധനർക്ക് ഭക്ഷണം നൽകുന്നത് പതിവായിരുന്നെന്നും സ്വാമി പറഞ്ഞു.