മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലും പഞ്ചായത്തുകളിലുമായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3091 പേർ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊവിഡ് രോഗം ബാധിച്ച് മരിച്ചത് 48 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ പായിപ്ര പഞ്ചായത്തിലും ഏറ്റവും കുറവ് പോത്താനിക്കാട് പഞ്ചായത്തിലുമാണ്. നഗരസഭയിൽ 484, വാളകം 254, കല്ലൂർക്കാട് 128, പോത്താനിക്കാട് - 112, മാറാടി - 202, പാലക്കുഴ 194, പൈങ്ങോട്ടൂർ 133, മഞ്ഞള്ളൂർ 276, ആവോലി 174, ആയവന 308, ആരക്കുഴ 207, പായിപ്ര 621 പേരുമാണ് ചികിത്സയിലുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആരോപിച്ചു. ആരോഗ്യം, റവന്യൂ, പോലീസ് സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കാണിക്കുന്ന അലംഭാവം രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കാൻ യു.ഡി.എഫ് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സമിതികൾ തയ്യാറാകുന്നില്ലെന്നും എഫ്.എൽ.ടി.സിയും ഡി.സി.സികളും പല പഞ്ചായത്തിലും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡോക്ടർമാരുടേയും ജീവനക്കാരുടേയും പ്രവർത്തനം ശ്ലാഘനീയമാണ്. 48 ലക്ഷം രൂപ ചെലവഴിച്ച് പണിത ആരക്കുഴ എഫ്.എൽ.ടി.സി പൊളിച്ച് മാറ്റിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തരമായി തുടങ്ങണമെന്നും എൽദോ എബ്രാഹാം ആവശ്യപ്പെട്ടു.