കൊച്ചി: മുഖ്യധാരയിൽ ഇടംലഭിക്കാതെ പോകുന്ന സമാന്തര, പരീക്ഷണ ചിത്രങ്ങളും കലാമൂല്യമുള്ള സിനിമകളും പ്രദർശിപ്പിക്കാൻ ഒ.ടി.ടി പ്‌ളാറ്റ്‌ഫോം തയ്യാറായി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ എൻ.ബി. രഘുനാഥിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന 'മൈ ഒ.ടി.ടി' ഈമാസം 27 ന് പ്രവർത്തനം ആരംഭിക്കും.
കുറഞ്ഞ ചെലവിൽ നല്ല സിനിമകൾ ആസ്വാദകർക്ക് കാണാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് രഘുനാഥ് അറിയിച്ചു. താരങ്ങളില്ലാത്തതുമൂലം തിയേറ്ററുകളിൽ പ്രദർശനാനുമതി ലഭിക്കാത്ത കൊച്ചു സിനിമകൾ, വൻകിട ഒ.ടി.ടി കമ്പനികൾ സ്വീകരിക്കാത്ത സിനിമകൾ തുടങ്ങിയവയും പ്രദർശിപ്പിക്കും.
ഫീച്ചർ സിനിമകൾക്ക് പുറമെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും റിലീസ് ചെയ്യും. സാധാരണ ഒ.ടി.ടി പ്‌ളാറ്റ്‌ഫോം സങ്കല്പത്തിന് വിഭിന്നമായി സിനിമയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം. സിനിമയ്ക്ക് നിശ്ചിത നിരക്കുണ്ടാവില്ല. പരസ്പരം സിനിമകൾ കണ്ട് പ്രോത്‌സാഹിപ്പിക്കുന്നതിനപ്പുറം കൊച്ചുസംഭാവനകൾ ടിക്കറ്റ് ചാർജ് പോലെ നൽകി സിനിമകൾക്ക് ചെറിയ സാമ്പത്തിഭദ്രത നൽകുന്നതും ലക്ഷ്യമാണെന്ന് രഘുനാഥ് പറഞ്ഞു.