പാലക്കുഴ: ആറൂർ ഗവ. ഹൈസ്കൂൾ ലൈബ്രറി നവീകരണം, കളിസ്ഥലം മെച്ചപ്പെടുത്തൽ, പ്രവേശനകവാടം നിർമ്മിക്കൽ, ശബ്ദസംവിധാനമൊരുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 18 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗീകാരം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി. ബിനുവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് നൽകിയ നിവേദനത്തെ തുടർന്നാണ് സഹായം ലഭിച്ചത്. 86 ലക്ഷം രൂപയുടെ പുതിയ സ്കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ നബാർഡിന്റെ 2 കോടി രൂപയുടെ കെട്ടിട സമുച്ചയനിർമ്മാണവും ഉടനെ ആരംഭിക്കും. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറൂർ ഗവ.ഹൈസ്കൂളിനെ മാറ്റിയെടുക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ സഹായകരമാകുമെന്ന് സ്കൂൾ പി.ടി.എ അറിയിച്ചു.