ആലുവ: ജില്ലയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രധാന റോഡുകളും ഇന്നലെ വൈകിട്ട് മുതൽ ബിനാനിപുരം പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ അടച്ചു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപാതയായ തോട്ടക്കാട്ടുകര - എടയാർ റോഡാണ് കിഴക്കേ കടുങ്ങല്ലൂരിൽ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചത്.
ഇന്നുമുതൽ പൊലീസിന്റെ അനുമതിയില്ലാതെ ഒരാൾക്കും പുറത്തിറങ്ങാനാകില്ല. റോഡിലേക്കിറങ്ങുന്ന അത്യാവശ്യക്കാരല്ലാത്തവർക്കെതിരെ കർശന നിയമനടപടികളുണ്ടാകും. നിലവിൽ 750ഓളം രോഗികൾ പഞ്ചായത്തിലുണ്ട്. കൊവിഡ് രണ്ടാംഘട്ടത്തിൽ മാത്രം 22 പേരുടെ ജീവൻ നഷ്ടമായി. ആദ്യഘട്ടത്തിൽ 20 പേരാണ് മരിച്ചത്. 12,19 വാർഡുകളിലാണ് കൂടുതൽ കൊവിഡ് രോഗികളുള്ളത്. 12ൽ 68 പേരും19ൽ 61 പേരുമുണ്ട്. ജില്ലയിൽ കൊവിഡ് വ്യാപനത്തിൽ രണ്ടാംസ്ഥാനമാണ് പഞ്ചായത്തിന്.