മൂവാറ്റുപുഴ: മൺസൂൺ എത്തുന്നതിന് മുമ്പായി സുരക്ഷ ഒരുക്കാൻ മലങ്കരഡാം അധികൃതരുടെ യോഗം നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ വിളിച്ചുചേർത്തു. നിലവിൽ ഡാമിന്റെ ജലനിരപ്പ് 41.38 മീറ്റർ ആണ്. പരമാവധി ഫുൾ റിസർവോയർ നിരക്ക് 42 ൽ താഴെയാണ്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യവാരം 36.9 ൽ സ്പിൽവേ ലെവലിൽ ജലനിരപ്പ് എത്തിക്കുകയെന്ന ആവശ്യം മുന്നിൽ കണ്ടായിരുന്നു യോഗം.
ഡാമിന്റെ ജലനിരപ്പ് 41.38 ൽ നിൽക്കെ ശക്തമായ മഴവന്നാൽ ഡാം തുറന്ന് വിടുകയല്ലാതെ മാർഗമില്ല. മൂലമറ്റം, ഇടുക്കി ഡാമുകളിൽ നിന്ന് തുറന്നുവിടുന്ന വെള്ളം നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ മൂവാറ്റുപുഴ വെള്ളത്തിലാവും. ഈ വെള്ളം സംഭരിക്കാനും താഴ്ന്ന പ്രദേശങ്ങളിലേക്ക് വരാതിരിക്കാനും ജലനിരപ്പ് 36.9ൽ താഴ്ത്തിക്കൊണ്ടുവന്ന് സ്പിൽവേ ലെവലിൽ നിർത്തണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കൊപ്പം വെള്ളപ്പൊക്കദുരിതംകൂടി ജനത്തിന് താങ്ങാനാവില്ല. ജനങ്ങളുടെ ജീവനാണ് പ്രാധാന്യം.
യോഗത്തിന് ശേഷം എം എൽ.എയും ഉദ്യോഗസ്ഥരും മലങ്കര ഡാമിലെത്തി ജലനിരപ്പ് നേരിട്ട് പരിശോധിച്ചു. 5 ദിവസം കഴിഞ്ഞ് ജലനിരപ്പ് 39.5 നിരപ്പിൽ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡാം സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീകല സി.കെ, എക്‌സിക്യുട്ടീവ് എൻജിനീയർ സീന എം, അസിസ്റ്റന്റ് എൻജിനീയർ ദീപ. സി എന്നിവർ യോഗത്തിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ പി. പി എൽദോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വർക്കി, ജോളിമോൻ ചൂണ്ടയിൽ, ഒ.പി ബേബി, ഓമന മോഹൻ, ഷെൽമി ജോൺസ് തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുത്തു.
2020ൽ ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിട്ടശേഷം 39.5 മീറ്ററിൽ എത്തിച്ചാണ് ഡാം മാനേജ്‌മെന്റ് വെള്ളപ്പൊക്കം ഒഴിവാക്കിയത്. എന്നാൽ താഴ്ന്ന പ്രദേശങ്ങളായ ആവോലി, ആരക്കുഴ, വാളകം, മാറാടി, പായിപ്ര പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭ പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്റ ദുരിതമനുഭവിച്ചിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ വരുകയും വൻ തോതിൽ കൃഷിനാശവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതെലന്ന നിലയിൽ ജലനിരപ്പ് 36.9 ൽ എത്തിക്കുന്നത്.