mulavoor
മുളവൂർ തോട് കര കവിഞ്ഞ് കൃഷി സ്ഥലങ്ങളിൽ വെള്ളം കയറിയ നിലയിൽ....

മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് മുളവൂർതോട് കര കവിഞ്ഞ് ഒഴുകിയതോടെ തോടിന്റെ ഇരുകരകളിലുമായി ഏക്കർ കണക്കിന് കൃഷിയിടം വെള്ളത്തിനടിയിലായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ 4,7,9 , 10, 11 വാർഡുകളിലൂടെ കടന്നുപോകുന്ന മുളവൂർതോട് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് കരകവിഞ്ഞ് ഒഴുകിയത്. കപ്പ, വാഴ, ചേന, തെങ്ങ്, ജാതി, റബർ, പച്ചക്കറി കൃഷികൾ എന്നിവയാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ചില സ്ഥലങ്ങളിൽ തോട് ഗതിമാറി ഒഴുകിയതോടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മുളവൂർ വടമുക്ക് പാലം, വായനശാലപ്പടി, മംഗല്യക്കടവ്, കാവുംപടി കേച്ചേരി കടവ്, കിഴക്കേകടവ്, ആട്ടായം പ്രദേശങ്ങളിലാണ് ഏക്കർകണക്കിന് വിവിധയിനം കൃഷികൾ വെള്ളത്തിനടിയിലായത്. മഴ ഇനിയും തുടർന്നാൽ തോടിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറും . മുളവൂർ പ്രദേശത്ത് കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഇ.എം.ഷാജി റവന്യൂഅധികാരികൾക്ക് നിവേദനം നൽകി.