കൊച്ചി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ നടപടികൾ സ്വീകരിച്ചെങ്കിലും കലൂർ മേഖലയിലുൾപ്പെടെ കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. രണ്ടു ദിവസമായി പെയ്യുന്ന പെരുമഴയിൽ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിലും ജനവാസകേന്ദ്രങ്ങളിലുമുൾപ്പെടെ കലൂർ മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്.
കലൂർ സബ് സ്റ്റേഷൻ മുതൽ പടിഞ്ഞാറോട്ട് നാലു മീറ്റർ വീതിയിൽ ബാനർജി റോഡ് മുറിച്ച് കാരണക്കോടം തോടുമായി ബന്ധിപ്പിച്ചാലേ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയൂവെന്ന നിർദേശം നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം നിർമാണകാലത്ത് ചങ്ങാടൻപോക്ക് തോട് തിരിച്ച് കാരണക്കോടം തോടുമായി ബന്ധിപ്പിച്ചിരുന്നു. മെട്രോ സ്‌റ്റേഷൻ നിർമാണത്തോടെ ഇരുകരകളുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഇതുമൂലം കീർത്തിനഗർ മുതൽ ദേശാഭിമാനി വരെയുള്ള ചങ്ങാടൻപോക്ക് തോടിന്റെ ഇരുകരകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
വെള്ളക്കെട്ട് കലൂർ സബ് സ്‌റ്റേഷനെ ബാധിച്ചാൽ ഫീഡർ ലൈൻ ഓഫാക്കേണ്ടിവരും. ഇത് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ഇരുട്ടിലാക്കും. മുൻവർഷങ്ങളിലും കഴിഞ്ഞ രണ്ടു ദിവസവും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തുനീക്കിയാണ് സബ് സ്‌റ്റേഷനിലെ പ്രതിസന്ധി ഒഴിവാക്കുന്നത്.ജില്ലാ കളക്ടർ ഇടപെട്ടാണ് കൂടുതൽ ശേഷിയുള്ള പമ്പ് സ്ഥലത്തെത്തിച്ച് പമ്പിംഗ് നടത്തുന്നത്.
ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട്
ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന് പിന്നിൽ കതൃക്കടവ് ഭാഗത്തേയ്ക്കുള്ള റോഡ് ഉൾപ്പെടെ ചെറുതും വലുതുമായ റോഡുകളിൽ വെള്ളം കയറി. പാർപ്പിടമേഖലയിൽ വെള്ളം കയറിയത് പലർക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധത്തിലാണ്. കാനകളിലെ മാലിന്യങ്ങൾ റോഡിലേയ്ക്ക് പടരുകയും ചെയ്തു. റസിഡന്റ്‌സ് കോളനികളിലും വെള്ളക്കെട്ട് തുടരുകയാണ്.
പദ്ധതികൾ കടലാസിൽ
കൊച്ചിയിലെ പുതിയ നഗരസഭാ ഭരണസമിതി ചുമതലയേറ്റയുടൻ മേയർ എം. അനിൽകുമാറും കളക്ടർ എസ്. സുഹാസും ഉൾപ്പെടെ വെള്ളക്കെട്ടിന്റെ പ്രധാന ഭാഗമായ കലൂർ സബ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഇടപ്പള്ളി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറോട് നിർദ്ദേശിച്ചിരുന്നു. വിശദമായ പഠന റിപ്പോർട്ട് കൊച്ചി നഗരസഭാ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് സമർപ്പിച്ചിരുന്നു. നഗരസഭയുടെ പ്രധാന ഭാഗങ്ങളായ കെ. എസ്.ആർ.ടി.സി, സൗത്ത് റെയിൽവെ സ്‌റ്റേഷൻ, കാരയ്ക്കാമുറി, എം.ജി റോിൽ മാധവ ഫാർമസി മുതൽ ഷിപ്പ്യാർഡ് വരെയും പനമ്പിള്ളിനഗർ, മുല്ലശേരി കനാൽ, രാമേശ്വരം കനാൽ, ചങ്ങാടപ്പോക്ക്, കാരണക്കാടം തോട് ഉൾപ്പെടെ ഭാഗങ്ങളിലെ വെള്ളകെട്ട് നിവരണത്തിന് എസ്റ്റിമോറ്റ് അടക്കം തയ്യാറാക്കി നഗരസഭയിൽ മൂന്നു മാസം മുൻപ് തന്നെ സമർപ്പിച്ചിരുന്നു.ഇതുവരെ പ്രവർത്തികൾ ആരംഭിക്കാത്തതാണ് വെള്ളെക്കട്ടിന് കാരണമെന്നാണ് പരാതി.
അധികൃതർക്ക് അലംഭാവം
ഒരുവിഭാഗം ഉദ്യോഗസ്ഥർ കാട്ടുന്ന നിസംഗതയാണ് വെള്ളക്കെട്ടിന് കാരണം. ടെണ്ടർ ഇല്ലാതെ കോടികൾ വാരിക്കോരി ചെലവഴിക്കാതെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വതമായ പദ്ധതികളാണ് ആവശ്യം. ഹൈക്കോടി വിമർശനം ഏൽക്കേണ്ടിവന്നിട്ടും ഒരുവർഷത്തോളം ലഭിച്ചിട്ടും നടപടികളുണ്ടായില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ചെലവഴിച്ച പണത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണം.
ടി. ബാലചന്ദ്രൻ
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം