bpcl
അമ്പലമേടിലെ കൊവിഡ് ചികിത്സാ കേന്ദ്രം നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ സന്ദർശിക്കുന്നു

കോലഞ്ചേരി: ബി.പി.സി.എൽ അമ്പലമേടിലെ കൊവിഡ് ചികിത്സാകേന്ദ്രം നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ സന്ദർശിച്ചു. ആദ്യഘട്ടത്തിൽ 100 ഓക്‌സിജൻ കിടക്കകളുമായി ആശുപത്രി പ്രവർത്തന സജ്ജമായി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കണം.

സംസ്ഥാന സർക്കാർ പൊതു,സ്വകാര്യപങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവ. കൊവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. ബി.പി.സി.എൽ ഓക്‌സിജൻ പ്ലാൻറിൽനിന്ന് നേരിട്ട് ഓക്‌സിജൻ ലഭ്യമാക്കുന്നതിലൂടെ ഓക്‌സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും മറികടക്കാൻ സാധിക്കും. അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഓക്‌സിജൻ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്തും. കാ​റ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

130 ഡോക്ടർമാർ, 240 നഴ്‌സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, സി.ആർ. പ്രകാശൻ, പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നവർ ശ്രീനിജിനൊപ്പമുണ്ടായിരുന്നു.