കൊച്ചി: ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മിൽമയുടെ പാൽ സംഭരണത്തെയും ക്ഷീരമേഖലയെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. പാൽ സംഭരിക്കുന്ന സമയം കുറച്ചതാണ് പ്രശ്നം. സംസ്‌കരണം, വിതരണം മുതലായവയ്ക്കും നിയന്ത്രണങ്ങളുണ്ട്.
എട്ടു മണി വരെ മാത്രമേ പാൽ വിതരണത്തിന് അനുമതിയുള്ളൂ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗണുള്ള ജില്ലകളിൽ കടകൾ പ്രവർത്തിക്കുക. ഇതോടെ ഒരു ദിവസം ഇടവിട്ട് മാത്രമേ പാൽ കടകളിൽ വിതരണം ചെയ്യാൻ സാധിക്കൂ. വിതരണം നേർ പകുതിയാകും.
കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാൻ മിൽമയ്‌ക്ക് കഴിയാതാകുന്ന സ്ഥിതിയുണ്ടാവും.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് മിൽമയെയും ക്ഷീരമേഖലയെയും ആവശ്യസേവന വിഭാഗത്തിൽപ്പെടുത്തി ഒഴിവാക്കിയിരുന്നു.
പാൽപ്പൊടിയാക്കാനും സാധിക്കില്ല
പാൽ പാൽപ്പൊടിയാക്കാനും സംസ്ഥാനത്ത് സൗകര്യമില്ല. തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരും.ഗതാഗത ചെലവ് ഉൾപ്പെടെ ഒരു ലിറ്ററിന് 7 രൂപ മുതൽ 15 രൂപ വരെ നഷ്ടമുണ്ടാകും.
മിൽമയെ ഒഴിവാക്കണം
മുൻകാലങ്ങളേതുപോലെ മിൽമയെയും ക്ഷീരമേഖലയെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ, മിൽമ ചെയർമാൻ, മിൽമ മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. കടകൾ അഞ്ചു മണിവരെ തുറക്കാൻ അനുവദിക്കണം.
ജോൺ തെരുവത്ത്
ചെയർമാൻ, മിൽമ
എറണാകുളം മേഖല