പള്ളുരുത്തി സ്മൃതിവനം നാശാവസ്ഥയിൽ
പള്ളുരുത്തി: കൊച്ചി കോർപ്പറേഷന്റെ ഏറ്റവും വിസ്തൃതമായ പൊതുശ്മശാനങ്ങളിലൊന്നായ പള്ളുരുത്തി സ്മൃതിവനം നാശാവസ്ഥയിൽ. കൊവിഡ് രണ്ടാം തരംഗത്തിൽ മൃതദേഹങ്ങൾ കൂടുതലെത്തിയപ്പോഴാണ് ഇതിന്റെ ദുരവസ്ഥ കൂടുതൽ പ്രകടമായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തിയായ മഴയിൽ ശ്മശാനവും പരിസരവും വെള്ളത്തിൽ മുങ്ങി. മൃതദേഹം അകത്തേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ നന്നേ പാട് പെട്ടു.
ഇപ്പോഴും വിറകിലാണ് ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത്. രണ്ട് വിറക് ചൂളയും രണ്ട് ഗ്യാസ് ചൂളയുമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരു ചൂള മാത്രമാണ് പ്രവർത്തിക്കുന്നത്. ഗ്യാസ് ചൂളകൾ പണ്ടേ പ്രവർത്തനരഹിതമായി. പള്ളുരുത്തി, ഇടക്കൊച്ചി, തോപ്പുംപടി, കളത്തറ, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവിടെ മൃതദേഹങ്ങൾ എത്തുന്നത്.
കൊച്ചി കോർപ്പറേഷന്റെ അധീനതയിലെ ഒരേക്കർ വളപ്പിലെ ശ്മശാനം സി.എം.ദിനേശ് മണി മേയറായിരുന്ന കാലത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ചതാണ്. പിന്നീട് ടോണി ചമ്മിണി മേയറായപ്പോൾ ഗ്യാസ് ചൂളയും പ്രവർത്തന സജ്ജമാക്കി. പക്ഷേ പരിപാലനമില്ലാതെ നശിച്ചുപോവുകയായിരുന്നു. പുകക്കുഴലിന്റെ തകരാറുകൊണ്ടാകണം മൃതദേഹം ദഹിപ്പിക്കുമ്പോഴുള്ള ഗന്ധം പരിസരത്ത് വ്യാപിക്കാറുണ്ടെന്നും പരാതിയുണ്ട്.
അടുത്തിടെ വരെ ശ്മശാനം വളപ്പിൽ ബാഡ്മിന്റൺ കോർട്ടുമുണ്ടായിരുന്നു. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ് ഇവിടം.
സ്മൃതി വനത്തിലെ ഗ്യാസ് ചൂള നന്നാക്കാൻ കരാർ നൽകി. പരിസരം ഇയിടെ വൃത്തിയാക്കിയതാണ്. ബാഡ്മിന്റൺ കളി ഇപ്പോഴില്ല.
സോണി ഫ്രാൻസിസ്
ഡിവിഷൻ കൗൺസിലർ
സ്മൃതിവനത്തിലെ ഗ്യാസ് ചൂളകൾ ഉടനെ നന്നാക്കണം. പുകക്കുഴലിന്റെ ഉയരം കൂട്ടണം. ശവസംസ്കാരത്തിന് മതിയായ അളവിൽ വിറകും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോർപ്പറേഷൻ ശ്മശാനം നേരിട്ട് നടത്തണം.
സി.ജി.പ്രതാപൻ
ശ്രീ നാരായണ സാംസ്ക്കാരിക യോജന സംഘം