പെരുമ്പാവൂർ : കൊവിഡ് ബാധിച്ച് നാലുപേർ മരിച്ച സാഹചര്യത്തിൽ അശമന്നൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ പ്രത്യേകം നിരീക്ഷിക്കാനും വീടുവിട്ട് പുറത്തിറങ്ങി നിയമം ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനും യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കാവൂ. മത്സ്യ-മാംസ വില്പന കേന്ദ്രങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെ പാഴ്സൽ മാത്രം നൽകി പ്രവർത്തിക്കാം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കാനും ഏഴ് ദിവസത്തേക്ക് അടച്ചിടാനുമാണ് നിർദേശം. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.