mazha-
വാഴക്കൃഷി നശിച്ചനിലയിൽ

പിറവം: നഗരസഭയിലെ കക്കാട് കൂട്ടോളി പാടശേഖരത്തിൽ ശക്തമായ മഴയിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. നാടൻ പച്ചക്കറിക്കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച കർഷകരാണ് കക്കാടുകാർ. പയർ, പാവൽ, പടവലം, വെള്ളരി തുടങ്ങിയവ യാണ് ഇവിടെ പ്രധാനമായും കൃഷിചെയ്തിരുന്നത്. ഉത്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കാതെ വരികയും കൂലി,വളം, കീടനാശിനി തുടങ്ങിയവയുടെ വില വർദ്ധനമൂലം പച്ചക്കറി കൃഷി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ കർഷകർ താരതമ്യേന ചെലവ് കുറഞ്ഞ കൃഷിയിലേക്ക് ഈ വർഷം തിരിയുകയായിരുന്നു. കൂടുതൽ ആളുകളും മരച്ചീനിയും (കപ്പ) ഏത്തവാഴയുമാണ് കൃഷി ചെയ്തിരിക്കുന്നത്. വില്പനക്ക് പാകമായ ഏക്കറുകളോളം മരച്ചീനികൃഷി വെള്ളംകയറി നശിച്ചു. ഇരുപതോളം കൃഷിക്കാരുടെ മൂപ്പെത്തിയതും അല്ലാത്തതുമായ 3500ൽ അധികം വാഴകൾ കാറ്റിലും വെള്ളം കയറിയും നശിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് കൂട്ടോളി പാടശേഖരത്തിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായത്. നിരവധി മറ്റ് കാർഷികവിളകളും നശിച്ചു. ലോക്ക് ഡൗൺ മൂലം കച്ചവടക്കാർക്ക് വന്നെടുക്കുവാൻ സാധിക്കാത്തതിനാൽ മൂത്തകുലകൾക്കുപോലും വിലകിട്ടാതായി.

പാഴൂർ,കളമ്പൂർ പ്രദേശത്തും മഴ കൃഷി നാശം വിതച്ചു. രാമമംഗലം പഞ്ചായത്തിലെ മാമലശേരി ഭാഗത്തും നിരവധി കർഷകരുടെ കപ്പ, വാഴക്കൃഷികൾ നശിച്ചു. പ്രദേശത്തെ കർഷകനായ മാന്തിലേത്ത് ജോണിയുടെ നൂറുകണക്കിന് കപ്പ വെള്ളംകയറിയതിനെത്തുടർന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകി. രാമമംഗലത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഈ കപ്പ പഞ്ചായത്തിലെ പാവപ്പെട്ടവർക്കും, കൊവിഡ് ബാധിതർക്കുമുൾപ്പെടെ 150ഓളം വീടുകളിൽ എത്തിച്ചുനൽകി.