ആലുവ: കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നു. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെ ജലമാപിനിയിൽ സമുദ്രനിരപ്പിൽ നിന്ന് 1.3 മീറ്റർ ഉയരത്തിലാണ് പെരിയാർ ഒഴുകുന്നതെന്ന് ഞായറാഴ്ച രേഖപ്പെടുത്തി. ശനിയാഴ്ച ഇത് 0.97 മീറ്ററായിരുന്നു. ഇതേ മാപിനി പ്രകാരം വെള്ളം 2.50 മീറ്റർ ഉയരുമ്പോൾ വെള്ളപ്പൊക്കമായി മാറും. ശക്തമായ ഒഴുക്കാണ് പെരിയാറിൽ. പെരിയാറിന്റെ കൈവഴികളിലെ ചെറിയ ഡാമുകൾ തുറന്നതിനെ തുടർന്ന് പുഴയിലെ വെള്ളത്തിലെ ചെളിയുടെ അളവും വർധിച്ചു. ആലുവ ജല ശുദ്ധീകരണശാലയിൽ ചെളിയുടെ അളവ് 48 എൻ.ടി.യു ആയി രേഖപ്പെടുത്തി. ആലുവ ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്ര വളപ്പിൽ വെള്ളം കയറി. ക്ഷേത്രത്തിലെ വെള്ളം പെരിയാറിലേക്ക് ഒഴുകി പോകാനിട്ടിരുന്ന പൈപ്പിലൂടെ വെള്ളം അകത്തേക്ക് തിരികെ കയറുകയായിരുന്നു. എന്നാൽ മണപ്പുറം മുങ്ങിയിട്ടില്ല.