കൊച്ചി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന 'മിയാവാക്കി' ചെറുവനങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. വയനാടും ഇടുക്കിയും ഒഴികെ12 ജില്ലകളിലായി 41 വനങ്ങൾ ഒരുങ്ങി. ഇവിടങ്ങളിൽ 40,000 വൃക്ഷത്തൈകൾ നട്ടിട്ടുണ്ട്. 10 മുതൽ 20 സെന്റ് വരെ സ്ഥലം മതി വനം നിർമ്മിക്കാൻ.
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്), കൊച്ചി കപ്പൽശാല, നാവികത്താളം, ടൂറിസം വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മിയാവാക്കി വനങ്ങൾ തീർത്തത്.
കെഡിസ്‌കിന്റെ നേതൃത്വത്തിൽ 12 വനങ്ങൾ നിർമ്മിച്ചു. തിരുവനന്തപുരം ചാല ജി.എച്ച്.എസ്.എസ്, അഴീക്കോട് മുസിരീസ് മുനക്കൽ ബീച്ച്, കൊല്ലം ആശ്രാമം മൈതാനം, ആലപ്പുഴ മുസരീസ് പോർട്ട് മ്യൂസിയം, തൃശൂർ വിമൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ് വിഭാഗം ഇൻസ്റ്റിറ്റിയൂഷണൽ കോംപ്ലക്‌സ്, പാലക്കാട് ഫോറസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് വാളയാർ, കണ്ണൂർ ധർമ്മടം ആണ്ടല്ലൂർക്കാവ് ക്ഷേത്രം, കാസർകോട് ബേക്കൽ ബീച്ച്, കൊച്ചി കുസാറ്റ് കാമ്പസ്, മലപ്പുറം പൊന്നാനി, കോഴിക്കോട് ഭട്ട് റോഡ് ബീച്ച്, നാവികത്താവളത്തിലെ വെണ്ടുരുത്തി എന്നിവിടങ്ങളിലാണിവ.
ടൂറിസം വകുപ്പിന്റേതായി ശംഖുമുഖം ബീച്ച്, പൊന്നാനി നിലയോരം പാർക്ക്, കോഴിക്കോട് സരോവരം പാർക്ക് എന്നിവിടങ്ങളിലുൾപ്പെടെ 22 വനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പദ്ധതി കൊച്ചി നേവൽ ബേസിലാണ്. ബാക്കിയുള്ളവ സ്വകാര്യ സംഘടനകളുടെ നേതൃത്വത്തിലാണ്.
1970ലെ ആശയം
സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ നാഷണൽ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. ആകിര മിയാവാക്കി 1970 ലാണ് കുറഞ്ഞ കാലയളവിൽ എത്ര ചെറിയ സ്ഥലത്തും വനവത്കരണം നടത്താനുള്ള മാതൃക വികസിപ്പിച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി നാലു കോടിയിലധികം വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.
അഞ്ചു വർഷം, 30 വർഷത്തെ വളർച്ച
കേരളത്തിൽ പൂവരശ്, പുന്ന, ആറ്റുവഞ്ചി, കുടംപുളി, മാവ്, അശോകം, പ്ലാവ് തുടങ്ങിയവയാണ് നടുക. പക്ഷികൾക്കായി പഴവർഗത്തിൽപ്പെട്ട വൃക്ഷങ്ങളുമുണ്ടാകും. ഒരു ചതുരശ്ര മീറ്ററിൽ 60 സെന്റീമീറ്റർ ഉയരത്തിലുള്ള 4 ചെടികൾ വീതമുണ്ടാകും. മണ്ണ്, ചാണകം, ചകിരിച്ചോർ, ഉമി എന്നിവയാണ് വളമായി നൽകുക. അഞ്ച് വർഷം കൊണ്ട് മരങ്ങൾ 30 വർഷത്തെ വളർച്ച നേടും.