പിറവം: ഇന്നലെ തുടങ്ങിയ ട്രിപ്പിൾ ലോക് ഡൗണിന് ജനങ്ങളിൽ നിന്നും സമ്പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് പിറവം പൊലീസ് സബ് ഇൻസ്‌പെക്ടർ സന്തോഷ് സജീവ് കേരളകൗമുദിയോട് പറഞ്ഞു. ജില്ലാ അതിർത്തി ഉൾപ്പെടെ പിറവം സ്റ്റേഷൻ പരിധിയിൽ പ്രധാന റോഡുകളിലേക്കുള്ള എല്ലാ ഇടവഴികളും അടച്ച് നഗരം ഭദ്രമാക്കിയ പൊലീസിന്റെ ജാഗ്രത പ്രശംസനീയമായിരിക്കുകയാണ്. ഇടവഴികളിലും പ്രധാന റോഡുകളിലും പരിശോധനകൾ ശക്തമാണ്. അനാവശ്യമായി ഒരാളും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജനങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും ജനമൈത്രി പൊലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്നും ഈ ഒരാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വാഹന പരിശോധനകൾക്കായി ഫയർ ആൻഡ് റെസ്ക്യൂവിന്റെ സിവിൽ ഡിഫൻസ് വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യക്കാർ മാത്രമാണ് നിലവിൽ പുറത്തിറങ്ങുന്നത്. മെഡിക്കൽ സ്റ്റോറുകൾ,മാവേലി സ്റ്റോറുകൾ, പെട്രോൾപമ്പുകൾ, ബാങ്കുകൾ തുടങ്ങിയവ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. മുനിസിപ്പൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പും വൈസ് ചെയർമാൻ കെ.പി.സലിമും രാവിലെ തന്നെ ഓഫീസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥർക്കും മറ്റ് ജനപ്രതിനിധികൾക്കും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.