കൊച്ചി: സുപ്രീം കോടതി ഉത്തരവുപ്രകാരം മരടിൽ പൊളിച്ചുമാറ്റിയ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ഉടമകൾ നഷ്ടപരിഹാരമായി 7.62 കോടി രൂപ അനുവദിച്ചു. നഷ്ടപരിഹാരം നൽകുന്നതിന് നിയമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയത്.
കോറൽ കോവിന്റെ നിർമാതാക്കളായ ജെയിൻ ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ തുകയാണ് സുപ്രീം കോടതിയുടെ അനുമതിയോടെ കൈമാറിയത്. അപ്പാർട്ട്‌മെന്റുകളുടെ ആധാരമുള്ള 62 പേർക്കും ജെയിൻ ഹൗസിംഗുമായി കരാർ ഒപ്പിട്ട് തുക കൈമാറിയെങ്കിലും ആധാരമെഴുത്ത് നടപടികൾ പൂർത്തിയാകാത്ത 11 പേർക്കുമാണ് തുക നൽകിയത്. കരാറിനെ ഉടമസ്ഥതാ അവകാശമായി പരിഗണിച്ചാണ് നഷ്ടപരിഹാരം.
ആധാരമുള്ളവർക്കായി 6,14,94,300 കോടിയും കരാറുള്ളവർക്ക് 1,47,05,700 കോടി രൂപയുമാണ് വിതരണം ചെയ്തത്. ഇതോടെ കോറൽ കോവിലെ ഉടമകൾക്ക് നഷ്ടപരിഹാരത്തിന്റെ 47.165 ശതമാനം തുകയും നൽകിയതായി കമ്മിഷൻ അറിയിച്ചു.
പ്രാഥമിക നഷ്ടപരിഹാരമായി ഓരോ അപ്പാർട്ട്‌മെന്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം നേരത്തെ നൽകിയിരുന്നു. ശേഷിക്കുന്ന തുകയാണ് ഘട്ടംഘട്ടമായി നൽകുന്നത്. ഫ്‌ളാറ്റ് നിർമാതാക്കൾ നൽകുന്ന തുകയാണ് കൈമാറുന്നത്.