മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ മേഖലയിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. ഏക്കറു കണക്കിന് സ്ഥലത്തെ കപ്പകൃഷിയാണ് മഴയെ തുടർന്ന് വെള്ളം കയറി നശിച്ചത്. ശക്തമായ കാറ്റിൽ ആയിരക്കണക്കിന് വാഴകളാണ് മറിഞ്ഞ് വീണത്. മാറാടി പഞ്ചായത്തിലെ കായനാട്, സൗത്ത് മാറാടി പാടശേഖരങ്ങളിൽ വെള്ളം കയറി. ഇൗ പ്രദേശത്തെ കപ്പ, വാഴ കൃഷികൾ നശിച്ചു. വാളകം പഞ്ചായത്തിലാണ് കൂടുതൽ നാശമുണ്ടായത്. വാളകം പഞ്ചായത്തിലെ തോടുകൾ കര കവിഞ്ഞ് ഒഴുകിയതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കടാതി, റാക്കാട്, മേക്കടമ്പ് ഭാഗങ്ങളിലെ ഏക്കറുകണക്കിന് സ്ഥലങ്ങളിവെള്ളംകയറി. കടാതി തോടിന് ഇരുകരയിലുമായി 10 ഏക്കറോളം സ്ഥലത്തെ കപ്പകൃഷിയിൽ വെള്ളം കയറി. മേക്കടമ്പിലും ഇതേ സ്ഥിതി തന്നെ. എസ്.എൻ.ഡി.പി കടാതി ശാഖ പ്രസിഡന്റ് കെ.എസ്. ഷാജിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്ത് നട്ടിരുന്ന കപ്പതോട്ടത്തിൽ പൂർണമായും വെള്ളം കയറി. ലോക്ക് ഡൗൺ തീരുന്നതോടെ കപ്പവില ഉയരുമെന്ന പ്രതീക്ഷയിൽ വിളവെടുക്കാതെ നിർത്തിയിരുന്ന കൃഷിയാണ് വെള്ളമെടുത്ത് പോയത്. മൂന്നു ദിവസമായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ കപ്പമുഴുവൻ ചീഞ്ഞു തുടങ്ങിയെന്ന് ഷാജി പറഞ്ഞു.