growbag

കൊച്ചി: ഗ്രോബാഗ് കൃഷി​യി​ൽ ഇപ്പോൾ താരം ഇഞ്ചി​യാണ്.കൊവിഡ് പ്രതിരോധ ശേഷി​യാണ് കാരണം. മറുനാടൻ ഇഞ്ചി​യി​ലെ അമി​തവളവും കീടനാശി​നി​യും ഭയന്ന് നഗരവാസി​കൾ വരെ മുറ്റത്തും മട്ടുപ്പാവി​ലും ഇഞ്ചി​ സ്വയം നട്ടുനനയ്ക്കുകയാണ്. അഞ്ച് ഗ്രോബാഗുണ്ടെങ്കി​ൽ ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് വേണ്ട ഇഞ്ചി ലഭിക്കും. മഴ ലഭിച്ചതോടെ ഇഞ്ചിനടാനുള്ള സമയവുമാണി​ത്.

ഗ്രോബാഗ് തയ്യാറാക്കുന്നത്

അഞ്ച് ഗ്രോബാഗുകൾക്ക്

വേണ്ട നടീൽ മിശ്രിതം

• രണ്ട് കൊട്ട മേൽമണ്ണ്

• രണ്ട് കൊട്ട ചകിരിച്ചോർ

• ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി

• ഒരു കിലോ എല്ല് പൊടി

• രണ്ട് കിലോ വേപ്പിൻ പിണ്ണാക്ക്

• നൂറ് ഗ്രാം ഡൈകോടെർമ

ഇവ കൂട്ടി​ക്കകലർത്തി ഗ്രോബാഗി​ന്റെ പകുതി​ നി​റയ്ക്കണം. മുള വന്ന രണ്ട് ഇഞ്ചി വിത്ത് ഒന്നി​ൽ അൽപ്പം അകത്തി​ നടാം. മുകളി​ൽ നടീൽ മിശ്രിതം വിതറണം. മുളവരും വരെ കരിയില കൊണ്ട് മൂടി​യാൽ നല്ലത്.

വളപ്രയോഗം

പച്ച ചാണകം, പച്ചിലകമ്പോസ്റ്റ് ഗുണം ചെയ്യും. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് നന്നായി വളരുക. ഈ സമയത്ത് നല്ല വളപ്രയോഗം വേണം. പച്ചില അരിഞ്ഞിട്ട് അതിന് മുകളിൽ പച്ച ചാണകം കുഴമ്പ് രൂപത്തിൽ ഒഴിക്കാം. പിന്നീട് അല്പം വെണ്ണീർ പ്രയോഗവും നടത്താം. നന്നായി പരിപാലിച്ചാൽ ഒക്ടോബറി​ൽ ഒരു ബാഗിൽ നിന്ന് രണ്ട് കിലോയിലധികം ഇഞ്ചി വിളവെടുക്കാം.