കൊച്ചി: ഉപയോഗിച്ച മാസ്‌കുകൾ അണുമുക്തമാക്കാൻ സ്റ്റാർട്ടപ്പ് കമ്പനിയായ കൊച്ചിയിലെ വി.എസ്.ടി മൊബിലിറ്റി സൊലൂഷൻസ് വികസിപ്പിച്ച ഉപകരണം വിദേശത്തേയ്ക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് ബിൻ 19 എന്ന ഉപകരണം വികസിപ്പിച്ചത്.
സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഇവ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലെ മാസ്‌ക് അണുമുക്തമാക്കുന്നതിന് യൂറോപ്പിലെ മാസ്‌ക് നിർമാണ കമ്പനിയിൽ നിന്നും വി.എസ്.ടിക്ക് ഓർഡറും ലഭിച്ചു.
ഉപയോഗിച്ച മാസ്‌കുകൾ ബിൻ 19 ന്റെ ചേംബറിൽ നിക്ഷേപിക്കുമ്പോൾ തന്നെ അണുവിമുക്തമാക്കും. മറ്റൊരു അറയിൽ അണുവിമുക്തമാക്കിയ മാസ്‌കുകൾ സ്വയം എത്തും. മാസ്‌ക് നിക്ഷേപിക്കുന്നവർക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ സഹായത്തോടെ കൈകൾ അണുമുക്തമാക്കാം.
ബിൻ 19 പ്രവർത്തനക്ഷമമാകുമ്പോഴും ബോക്‌സ് തുറക്കുമ്പോഴും ഓഫാകുമ്പോഴും മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഉണ്ടെന്ന് വി.എസ്.ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അൽവിൻ ജോർജ് പറഞ്ഞു.