photo
വെള്ളപ്പൊക്കത്തെ തുടർന്ന് നിറഞ്ഞ തോട് ചെറായിയിലെ സന്നദ്ധപ്രവർത്തകർ വൃത്തിയാക്കുന്നു

വൈപ്പിൻ: വൈപ്പിൻ തീരദേശത്തെ മുൾമുനയിൽ നിർത്തിയ നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ കടൽവെള്ളമിറങ്ങിയത് ആശ്വാസമായി. മഴ മാറി നിന്നതും കഴിഞ്ഞ ദിവസങ്ങളിൽ 4000 കടന്ന കൊവിഡ് ബാധിതർ ഇന്നലെയോടെ മൂവായിരത്തിൽ താഴെയായതും മറ്റൊരു ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടത്തിയ നാട്ടിലെ സന്നദ്ധപ്രവർത്തകർ, ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ എന്നിവർക്കും ഇന്നലെ ആശ്വാസത്തിന്റെ ദിനമായി. അധികൃതർ ഒരുക്കിയ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് നൂറിലധികം പേർ ഇന്നലെ ക്യാമ്പ് വിട്ടു. എടവനക്കാട് എസ്.പി. സഭാ സ്‌കൂൾ, നായരമ്പലം ലൊബേലിയ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ മുഴുവൻ പേരും വീടുകളിലേക്ക് മടങ്ങി. എന്നാൽ എടവനക്കാടിലെ നാലും നായരമ്പലത്തെ മൂന്നും ഞാറക്കലിലെ രണ്ടും ക്യാമ്പുകൾ തുടരുകയാണ്.

വെള്ളം ഇറങ്ങിയെങ്കിലും ചെളിയും മണ്ണും നിറഞ്ഞ് നാശമായ വീടുകൾ വൃത്തിയാക്കിയതിന് ശേഷമേ ദുരിത ബാധിതർക്ക് മടങ്ങാനാകൂ. മിക്കവരും അതിനുള്ള ശ്രമത്തിലാണ്. സന്നദ്ധ പ്രവർത്തകരും സഹകരിക്കുന്നുണ്ട്. വീടുകൾ തകർന്നുപോയവരൊഴിച്ച് മറ്റുള്ളവർക്കെല്ലാം ഇന്ന് മടങ്ങാനാകും. എടവനക്കാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നുപോയത്. വീട്ടുപകരണങ്ങളും നഷ്ടമായി. വൈപ്പിൻ മേഖലയിൽ നായരമ്പലത്തും നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. വൈപ്പിൻ കരയിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് ഫണ്ടുകൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. ചെറായി, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ക്യാമ്പിൽ ഉള്ളവരും മടങ്ങിത്തുടങ്ങി.

നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് എസ്റ്റിമേറ്റ് തയ്യാറാക്കാൻ യോഗ്യതയുള്ളവരുടെ സന്നദ്ധ സേനക്ക് രൂപം കൊടുത്തിട്ടുണ്ട്. അവർ ഇന്ന് മുതൽ കണക്കെടുപ്പ് നടത്തും.

എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം

 നായരമ്പലത്തും നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. റവന്യൂ അധികൃതരുമായി ബന്ധപ്പെട്ട് കണക്കെടുപ്പ് നടത്തി സർക്കാരിനെ സമീപിക്കും.

നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്