ആലുവ: ട്രിപ്പിൾ ലോക്ക്ഡൗൺ കാലത്ത് വീണ്ടും മാതൃകയായി ആലുവ നഗരസഭ കൗൺസിലർ. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കൗൺസിലർ പോലുമല്ലാതിരുന്നിട്ടും നഗരസഭ 11 -ാം വാർഡിലെ എല്ലാവീടുകളിലും ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയ പി.എസ്. പ്രീതയാണ് കൗൺസിലറായ ശേഷം വീണ്ടും ജനങ്ങൾക്ക് കൈത്താങ്ങാകുന്നത്.
നഗരസഭയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറെ കുടുംബങ്ങൾ താമസിക്കുന്ന വാർഡാണ് ഊമൻകുഴിത്തടം. ഇവിടത്തെ സാധാരണക്കാരായ 60 ഓളം വീടുകളിലാണ് പ്രീത ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്താണ് ബി.ജെ.പി പ്രവർത്തക മാത്രമായിരുന്ന ഘട്ടത്തിൽ ലോക്ക് ഡൗണിൽ പ്രീത ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിച്ച് നൽകിയത്. കഴിഞ്ഞ മാസം വിഷുവിന് വാർഡിലെ മുഴുവൻ പേർക്കും വിഷുക്കോടിയും നൽകിയിരുന്നു. സ്ത്രീകൾക്ക് സെറ്റും പുരുഷന്മാർക്ക് കസവമുണ്ടുമാണ് നൽകിയത്. സ്വന്തം നിലയിൽ സഹായം നൽകുന്നതിന് പുറമെ സേവാഭാരതിയും പ്രീതയുടെ അഭ്യർത്ഥനയെ തുടർന്ന് വാർഡിൽ സഹായം നൽകുന്നുണ്ട്. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ പ്രീത ആലുവയിൽ പ്രീത ഡ്രൈവിംഗ് സ്കൂൾ നടത്തുന്നുണ്ട്. പുലർച്ചെ ആറ് മുതൽ ഒമ്പത് വരെ വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നത് പ്രീതയാണ്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്റെ ജോലി പൂർത്തിയാക്കിയ ശേഷമാണ് സേവനത്തിനിറങ്ങുന്നത്. വരുമാനത്തിൽ പകുതിയും സേവനത്തിനായി ചെലവഴിക്കുമെന്ന് പ്രീത പറഞ്ഞു.