കൊച്ചി: ജില്ലയിലെ 45 വയസിനു മുകളിലുള്ളവരുടെ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷനുള്ള ടോക്കൺ വിതരണം പാളി. ഇതേ തുടർന്ന് വീണ്ടും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാകുന്നു.
ടോക്കണ് വേണ്ടിയുള്ള ക്യൂവും ബഹളവും രോഗവ്യാപന സാധ്യതയും ഒഴിവാക്കാൻ നടപ്പാക്കിയ പരിഷ്കാരം ആശുപത്രി ജീവനക്കാരും വാർഡ് കൗൺസിലർമാരും രാഷ്ട്രീയ നേതാക്കളും ചേർന്ന് ടോക്കൺ കുംഭകോണം നടത്തി പൊളിക്കുകയായിരുന്നു.
ആശാ വർക്കർ, ഹെൽത്ത് വർക്കർ, ആരോഗ്യവകുപ്പിന്റെ ഫീൽഡ് സ്റ്റാഫ്, വാർഡ് അംഗം എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം ഡോസുകാർക്ക് വേണ്ടി ടോക്കൺ നൽകിയത്. അർഹരായവർക്ക് ഇവർ സമയം നിശ്ചയിച്ച് ടോക്കൺ കൈമാറി സുഗമമായി കാര്യങ്ങൾ നടത്തുമെന്നായിരുന്നു പ്രതീക്ഷ.
മിക്കവാറും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ടോക്കണുകൾ വാർഡംഗങ്ങളും കൗൺസിലർമാരും കൈയടക്കി. കൈയ്യൂക്കുള്ളവർ കാര്യക്കാരായി. ചുമതലപ്പെട്ട മെഡിക്കൽ ഓഫീസർമാർ സമ്മർദത്തിൽപ്പെട്ട് പ്രതിസന്ധിയിലായി. ഇതേ തുടർന്ന് കുറച്ചു ടോക്കൺ സ്പോട്ടിലും നൽകി. ഇതോടെ ഈ സംവിധാനം കുത്തഴിഞ്ഞ് അലങ്കോലമായി.
പുലർച്ചെ അഞ്ച് മുതൽ സർക്കാരാശുപത്രികളിൽ ക്യൂ നിന്ന് ടോക്കൺ വാങ്ങുന്നവരെ മണ്ടന്മാരാക്കി സ്വാധീനം കൊണ്ട് നേടിയ ടോക്കണുമായി കൂളായി വാക്‌സിനേഷൻ നടത്തുന്നവരുടെ ശല്യമാണ് ഓരോ കേന്ദ്രങ്ങളിലും. ഇത് പലപ്പോഴും വാക്കുതർക്കത്തിനും ബഹളത്തിനും പൊലീസ് ഇടപെടലിനും വരെ കാരണമാകുന്നുണ്ട്.
കൊച്ചി കോർപ്പറേഷനിലുൾപ്പെടെ എൽ.ഡി.എഫ് കൗൺസിലർമാർക്ക് അനധികൃതമായി ടോക്കൺ നൽകിയെന്നും ആരോപണമുണ്ടായി.
ജില്ലയിൽ ഏഴ് ലക്ഷത്തിലധികം പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്റ്റർ ചെയ്തതിൽ നാല് ലക്ഷം പേർക്ക് കൂടി ആദ്യ ഡോസ് നൽകാനുമുണ്ട്. രണ്ടാം ഡോസ് വാക്‌സിൻ ഇതുവരെ രണ്ട് ലക്ഷം പേർക്ക് നൽകി.
പരാതികളും ആക്ഷേപങ്ങളും ഉയർന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് വാക്സിനേഷനും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കാനാണ് നീക്കം.
ഡോ.എം.ജി.ശിവദാസ് ,
ജില്ലാ കോവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസർ
കൊച്ചി കോർപ്പറേഷനിലെ ടോക്കൺ വിതരണം പാളിയത് ഇടത് കൗൺസിലർമാരുടെ അനാവശ്യ ഇടപെടൽ മൂലമാണ്. ടോക്കണുകൾ ഇവർ കൈയ്യടക്കി. ഒന്നിലേറെ ഡിവിഷനുകളുടെ വാക്‌സിനേഷൻ ക്യാപുകൾ ഒരു ഡിവിഷനിൽ വച്ച് നടത്തിയതും ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പയസ് ജോസഫ്
യു.ഡി.എഫ് കൗൺസിലർ
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വാക്‌സിൻ ലഭ്യതയിലുള്ള കുറവല്ലാതെ മറ്റ് പോരായ്മകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം ആരോപണങ്ങൾ ബാലിശമാണ്.
അഡ്വ.എം.അനിൽകുമാർ
കൊച്ചി മേയർ