കൊച്ചി:വ്യക്തിഗത സുരക്ഷാഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താതെ വില നിശ്ചയിച്ച് സർക്കാർ ആരോഗ്യ പ്രവർത്തകരുടെ ജീവൻ വച്ച് പന്താടരുതെന്ന് ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പി.പി.ഇ കിറ്റുൾപ്പെടെ സുരക്ഷാ ഉപകരണങ്ങളുടെ വില നിശ്ചയിച്ചു സർക്കാർ കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. കൃത്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചിട്ട് പോലും ആരോഗ്യ പ്രവർത്തകർ കൊവിഡ് പോസിറ്റീവായി കൊണ്ടിരിക്കുകയാണ്.
ഗുണനിലവാരം കുറഞ്ഞ വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ ഉപയോഗിച്ചാൽ ഭൂരിഭാഗവും കൊവിഡ് പോസിറ്റീവായി ആരോഗ്യ മേഖലയിൽ വൻ പ്രതിസന്ധി തന്നെ ഉണ്ടായേക്കും അതിനാൽ ഉത്തരവ് പുനഃ പരിശോധിച്ച് സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡോ.പി.എസ്.സോന,സെക്രട്ടറി ബിജു എസ്.വി എന്നിവർ ആവശ്യപ്പെട്ടു.