കൊച്ചി: മലബാർ, എറണാകുളം മേഖലയിൽ മിൽമ ഇന്നുമുതൽ പാൽ സംഭരണം വെട്ടിച്ചുരുക്കും. ലോക്ക്‌ഡൗൺ മൂലം സംഭരണവും വിതരണവും പ്രതിസന്ധിയിലായതാണ് കാരണം. മലബാറിൽ 40 ശതമാനവും എറണാകുളത്ത് 20 ശതമാനവുമാണ് കുറവുവരുത്തുക. തിരുവനന്തപുരത്ത് ഇന്നും നാളെയുമുള്ള വില്പന പരിശോധിച്ച് തീരുമാനമെടുക്കും.
മലബാറിൽ 1,122 സഹകരണസംഘങ്ങൾവഴി പ്രതിദിനം 8ലക്ഷംലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്. ഇന്നുമുതൽ അത് 4.8 ലക്ഷമായി കുറയും. എറണാകുളം ഡെയറിയിൽ 879 സംഘങ്ങൾവഴി 4.5 ലക്ഷംലിറ്റർ എന്ന പ്രതിദിന സംഭരണത്തിൽ 90,000 ലിറ്റർ കുറവുവരുത്തും.
കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ലക്ഷക്കണക്കിന് ക്ഷീരകർഷകരെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. രാവിലെയും വൈകിട്ടും സംഘങ്ങളിൽനിന്ന് ശേഖരിക്കുന്ന പാൽ തൊട്ടടുത്തുള്ള ചില്ലിംഗ്പ്ലാന്റിൽ എത്തിച്ച് സംസ്കരിച്ച് വിപണിയിലെത്തിക്കുക എന്നത് 24 മണിക്കൂറും ഇടതടവില്ലാതെ നടക്കുന്ന പ്രവൃത്തിയാണ്. ട്രിപ്പിൾ ലോക്ക്‌ഡൗണുള്ള 4 ജില്ലകളിൽ രണ്ടും മലബാർ ഡെയറിയുടെ പരിധിയിലാണ്.
തിരുവനന്തപുരം ജില്ലയിൽ 199 ഇടറോഡുകൾ അടച്ച സാഹചര്യത്തിൽ പാൽവിതരണവാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നില്ല. ഇന്നുമുതൽ ഏജന്റുമാർ ഓർഡർ കുറച്ചിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ഇവിടെയും സംഭരണം വെട്ടിച്ചുരുക്കേണ്ടിവരും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 668 പാൽ സംഭരണ സൊസൈറ്റികളും 4289 വിതരണ ഏജൻസികളുമുണ്ട്.
' ട്രിപ്പിൾ ലോക്ക്‌ഡൗൺ മേഖലയിൽ ഉൾപ്പെടെ മിൽക്ക് ബൂത്തുകൾ പ്രവർത്തിക്കാൻ അനുവദിക്കണം. പാൽ വിതരണത്തിന് നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും വാഹനഗതാഗതം തടസപ്പെടുത്തിയാൽ വിതരണം സാദ്ധ്യമാകില്ല.'
ജോൺ തെരുവത്ത്, ചെയർമാൻ എറണാകുളം മേഖല