മൂവാറ്റുപുഴ: രാജ്യത്താകെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ആവശ്യക്കാരില്ലാതായതോടെ പൈനാപ്പിൾ തോട്ടങ്ങളിൽ തന്നെ കിടന്നു നശിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും, സമീപ പഞ്ചായത്തുകളിലുമാണ് വിളവെടുക്കാൻ കഴിയാതെ 5000 ടൺ പൈനാപ്പിൾ നശിക്കുന്നത്.
കൊവിഡ് മൂലം ഇതര സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരില്ലാത്തതും, ആഭ്യന്തര ഉപഭോഗത്തിൽ തന്നെ വലിയ ഇടിവു വന്നതുമാണ് തിരിച്ചടിയായത്. കർഷകർ പൈനാപ്പിൾ വെറുതെ കൊടുക്കാൻ പോലും സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് പൈനാപ്പിൾ വ്യാപാരികൾ പറയുന്നു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ മാത്രം 300 ടൺ പൈനാപ്പിൾ വിൽക്കാനാകാതെ കിടന്നു നശിക്കുകയാണ്. കഴിഞ്ഞ കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പൈനാപ്പിൾ ചലഞ്ചിലൂടെ പൈനാപ്പിൾ വിറ്റഴിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതിനും സാധിക്കുന്നില്ല. മാർക്കറ്റുകളും കടകളും അടഞ്ഞു കിടക്കുകയും ഫ്ലാറ്റുകളിലേക്കും മറ്റും വിപണനത്തിനായി എത്തുന്നവരെ തടയുന്നതുമാണ് കാരണം. കഴിഞ്ഞ കൊവിഡ് കാലത്ത് ബാധ്യത മൂലം പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണ സ്ഥിതി അതിലും രൂക്ഷമാണെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്നെ പൈനാപ്പിൾ വില ഇടിഞ്ഞിരുന്നു.റമദാൻ മാസത്തിന്റ തുടക്കത്തിൽ 50 രൂപ വരെ കുതിച്ചുയർന്ന വില കഴിഞ്ഞ ആഴ്ച്ചകളിൽ10 രൂപ വരെ എത്തിയിരുന്നു.നേരത്തെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്ന് നിത്യേന 150 മുതൽ 200 ലോഡുകൾ വരെ കയറ്റി അയച്ചിരുന്നു എന്നാൽ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ ഇത് ശരാശരി 50 ലോഡുകൾ മാത്രമായി കുറയുകയും ലോക്ഡൗൺ എത്തിയതോടെ ലോഡുകൾ ഒന്നും കയറി പോകാതായി.
വില കിലോയ്ക്ക് 10 രൂപ വരെ
ലോഡുകൾ 50 ആയി ചുരുങ്ങി