pokkali-krishi
കോട്ടുവള്ളിയിലെ പൊക്കാളി പാടത്ത് പുറംചിറകൾ കവിഞ്ഞ് തൂമ്പിന് മുകളിലൂടെ പുഴയിൽ നിന്നും വെള്ളം കയറുന്നു.

പറവൂർ: കനത്ത മഴയിൽ പറവൂർ, വൈപ്പിൻ മേഖലകളിലെ പൊക്കാളി പാടശേഖരങ്ങൾ വെള്ളത്തിലായി. വെള്ളം കയറിയതോടെ കൃഷി ഇറക്കാൻ സാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. പുറംചിറകൾ കവിഞ്ഞ് പുഴയിൽ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറുകയാണ്. നേരത്തെ തന്നെ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമെന്നും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. പുറംചിറകൾ ഉയർത്തി അമിത വേലിയേറ്റം തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ പൊക്കാളി കൃഷിയും ചെമ്മീൻ - മത്സ്യകൃഷിയും അവതാളത്തിലാകുമെന്നാണ് കർഷകർ പറയുന്നത്. പൊക്കാളി കൃഷിക്ക് നിലം ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശം ഇത്തവണയും വന്നു. എന്നാൽ പൊക്കാളി നിലവികസന സമിതി ചെയർമാൻ എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർക്കാൻ കളക്ടർ തയാറായിട്ടില്ല. പുഴയും പാടങ്ങളും വേർതിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വെള്ളം നിറഞ്ഞു കിടക്കുമ്പോൾ എങ്ങിനെയാണ് വെള്ളം വറ്റിച്ച് കൃഷിക്കായി നിലമൊരുക്കാനാകും എന്നാണ് കർഷകരുടെ ചോദ്യം. കഴിഞ്ഞ വർഷം ചിറകൾ പൊട്ടിയതു മൂലമുണ്ടായ നഷ്ടപരിഹാരമോ, കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത സബ്സിഡിയോ ഇതുവരെ കർഷകർക്ക് കൊടുത്തിട്ടില്ല. കർഷകരുടെ ആവശ്യങ്ങളും ആശങ്കകളും പങ്കുവെക്കാൻ കളക്ടർ മുൻകൈയെടുത്ത് യോഗം വിളിക്കണ മെന്ന് കർഷകർ ആവശ്യപ്പെട്ടു.