പള്ളുരുത്തി: ട്രിപ്പിൾ ലോക്ക്ഡൗണിൽ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പൊലീസിനെ വട്ടംചുറ്റിച്ചു. ഇന്നലെ രാവിലെ മരുന്നു വാങ്ങാനും ഓൺലൈൻ പാസുമായി നിരവധി പേരാണ് വാഹനത്തിൽ എത്തിയത്. പശ്ചിമകൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് തോപ്പുംപടി ബി.ഒ.ടി പാലത്തിലൂടെ മാത്രമാണ് കടത്തിവിടുന്നത്.അതിൽ ഒരു ഭാഗം പുട്ടിയിട്ടിരിക്കുകയാണ്. വനിതാ പൊലീസ് ഉൾപ്പടെയുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പശ്ചിമകൊച്ചിയുടെ 30 ഓളം കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ബാക്കിയുള്ള ഹാർബർ, കണ്ണങ്ങാട്ട്, പെരുമ്പടപ്പ്, കുമ്പളങ്ങി പാലങ്ങളും ഇടറോഡുകളും പൊലീസ് അടച്ചു പൂട്ടിയിരിക്കുകയാണ്. ഇന്നലെ ജനം ഒഴുകി എത്തിയതോടെ ബി.ഒ.ടി പാലം ഗതാഗതക്കുരുക്കിലായി. ഉച്ചക്ക് ശേഷം അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എത്തിയവർക്ക് പൊലീസ് പിഴ ചുമത്തി. ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ പശ്ചിമകൊച്ചിയിൽ ഏർപ്പടുത്തുമെന്ന് മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ അറിയിച്ചു. അന്യസംസ്ഥാനത്തു നിന്നും വരുന്ന ചരക്ക് ലോറികളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മട്ടാഞ്ചേരിയിലെ മലഞ്ചരക്ക് സ്ഥാപനങ്ങൾ ഉൾപ്പടെ അടഞ്ഞുകിടക്കുകയാണ്.