കൊച്ചി: ഉദയംപേരൂർ പഞ്ചായത്തിലെ പൊതുശ്മശാന നിർമ്മാണം നീണ്ടു പോകുന്നു. ആറ് വർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ഭൂമി വാങ്ങിയിട്ടും ശ്മശാനം നിർമ്മിക്കാൻ പഞ്ചായത്തിനായില്ല.
ഉറ്റവർ മരിച്ചാൽ മാന്യമായ സംസ്കാരത്തിന് സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഉദയംപേരൂർ. സംഘടിത മത വിഭാഗങ്ങളെയൊ സമ്പന്നരെയൊ ബാധിക്കാത്തതുകൊണ്ട് പാവപ്പെട്ടവരുടെ പട്ടയപ്രശ്നം ചുവപ്പുനാടയിൽ കുടുങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി.
ശ്മശാനത്തിനുവേണ്ടി പതിറ്രാണ്ടുകളായി തുടരുന്ന മുറവിളിക്ക് പരിഹാരമെന്ന നിലയിലാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് മുൻമന്ത്രി കെ.ബാബു എം.എൽ.എ ഫണ്ടിൽനിന്ന് 46.25 ലക്ഷംരൂപ അനുവദിച്ച് നടക്കാവ്- മുളന്തുരുത്തി റോഡ് സൈഡിൽ 40 സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയത്. എം.എൽ.എ ഫണ്ട് ശ്മശാനത്തിന് വിനിയോഗിക്കുന്നതിൽ നിയമ തടസമുണ്ടായിട്ടും അതുമറികടക്കാൻ പ്രത്യേക ഭേദഗതി കൊണ്ടുവന്നശേഷമാണ് പണം അനുവദിച്ചത്. സ്ഥലത്തിന് സംരക്ഷണവേലി കെട്ടി തിരിച്ച് ഗെയ്റ്റ് സ്ഥാപിച്ചതല്ലാതെ നിർമ്മാണം മുന്നോട്ടുപോയില്ല. 2020-21 സാമ്പത്തികവർഷം പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റിൽ തുക നീക്കിവെച്ചെങ്കിലും ഭരണസമിതിയുടെ കാലാവധി അവസാനിച്ചു.
പഞ്ചായത്തിലെ ഭൂരഹിത ഹൈന്ദവ കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാൽ തൃപ്പൂണിത്തുറ, പനങ്ങാട്, മരട്, മുളന്തുരുത്തി എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളിൽ സംസ്കാരത്തിന് ഊഴമനുസരിച്ച് കാത്തുനിൽക്കണം. ചില ഘട്ടങ്ങളിൽ മൃതദേഹവുമായി രണ്ടും മൂന്നും ശ്മശാനങ്ങളിൽ കയറിയിറങ്ങേണ്ട ഗതികേടുപോലും ഉണ്ടാകാറുണ്ട്.
ആവശ്യമായ സ്ഥലം ഉണ്ടായിട്ടും പൊതുശ്മശാനം പദ്ധതി നടപ്പിലാകാത്തതിന്റെ പിന്നിൽ കേവലം സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ്.
ജിനുരാജ്, സെക്രട്ടറി. എസ്.എൻ.ഡി.പി
യോഗം ഉദയംപേരൂർ ശാഖ
60 ലക്ഷം കൂടി നൽകാം
2016ൽ സ്ഥലം വാങ്ങിക്കൊടുത്തതിന് പുറമെ ശ്മശാന നിർമാണത്തിന് 60 ലക്ഷംകൂടി വാഗ്‌ദാനം ചെയ്തിരുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ ഈ തവണത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് ആദ്യപരിഗണനയായി 60 ലക്ഷം ഉദയംപേരൂർ ശ്മശാനത്തിന് നൽകാൻ തയ്യാറാണ്.
കെ. ബാബു
നിയുക്ത എം.എൽ.എ
കോസ്റ്റ് ഫോഡിന് അഡ്വാൻസ് നൽകി
2020-21ൽ കോസ്റ്റ് ഫോഡിനെ ശ്മശാന നിർമാണ ചുമതല ഏൽപ്പിച്ച് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനമായ 14 ലക്ഷംരൂപ മുൻകൂറായി കൈമാറിയിട്ടുണ്ട്. പുതിയഭരണസമിതിയാണ് ഈ കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത്.
ജോൺ ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്
ഈ വർഷം തന്നെ പണി തീർക്കും
പുതിയ ഭരണസമിതി ശ്മശാന നിർമ്മാണത്തിന് തുടക്കമിട്ടപ്പോഴാണ് നിയമസഭ തിരഞ്ഞെടുപ്പും പെരുമാറ്റചട്ടവും നിലവിൽ വന്നത്. ഇപ്പോൾ കൊവിഡ് സാഹചര്യങ്ങളും രൂക്ഷമായി. ഈ സാമ്പത്തിക വർഷംതന്നെ ശ്മശാനം യാഥാർത്ഥ്യമാക്കലാണ് ലക്ഷ്യം.
സജിത മുരളി, പ്രസിഡന്റ്,
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്